റഷ്യന്‍ കോവിഡ് വാക്സിന്‍ സ്പുട്നിക്-5ന്‍റെ രണ്ടാം ബാച്ചും ഇന്ത്യയിലെത്തി

ഹൈദരാബാദ്: റഷ്യയുടെ കോവിഡ് പ്രതിരോധ വാക്സിന്‍ സ്പുട്നിക്-5 രണ്ടാം ബാച്ച്‌ ഇന്ത്യയിലെത്തിച്ചു. മോസ്കോയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ ഹൈദരാബാദിലാണ് വാക്സിന്‍ എത്തിച്ചത്. സ്പുട്നിക്-5 ആദ്യ ബാച്ചായ 1,50,000 ഡോസ് വാക്സിന്‍ മേയ് ഒന്നിന് ഇന്ത്യയിലെത്തിയിരുന്നു.

രാജ്യത്ത്​ കോവിഡ് വ്യാപനം രൂക്ഷമാവുകയും പുതിയ​ കേസുകളില്‍ വന്‍ വര്‍ധന രേഖപ്പെടുത്തുകയും ചെയ്തതോടെയാണ്​ കേന്ദ്ര സര്‍ക്കാര്‍ സ്​ഫുട്​നിക്​ വാക്​സിന്​ അംഗീകാരം നല്‍കിയത്​. ഡോക്ടര്‍ റെഡ്ഡീസ് ഗ്രൂപ്പാണ് രാജ്യത്ത് വാക്സിന്‍ വിതരണം ചെയ്യുന്നത്.

റഷ്യയി​ലെ ഗാമലേയ റിസര്‍ച്ച്‌​ ഇന്‍സ്റ്റിറ്റ്യൂട്ട്​ വികസിപ്പിച്ച സ്​പുട്​നിക്​-5 ലോകത്തിലെ ആദ്യ കോവിഡ്​ വാക്​സിനാണ്​. 2020 ആഗസ്റ്റ്​ 11ന് റഷ്യ രജിസ്റ്റര്‍ ചെയ്ത വാക്​സിന്​ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന്​ മികച്ച പ്രതികരണമാണ്​ ലഭിച്ചത്​.

91.6 ശതമാനം കാര്യക്ഷമത സ്പുട്‌നിക്-5ന് ഉണ്ടെന്നാണ്​ അവകാശപ്പെടുന്നത്. 60 രാജ്യങ്ങള്‍ ഇതുവരെ സ്​ഫുട്​നിക്​ വാക്​സിന്​ അംഗീകാരം നല്‍കിയിട്ടുണ്ട്​.

സ്പുട്നിക്-5 വാക്സിന്‍റെ വിതരണത്തിന് അഞ്ച് മുന്‍നിര ഇന്ത്യന്‍ നിര്‍മാതാക്കളുമായി റഷ്യന്‍ ഡയറക്‌ട് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് (ആര്‍.ഡി.ഐ.എഫ്) രാജ്യാന്തര ധാരണപത്രം ഒപ്പുവെച്ചിട്ടുണ്ട്. ഇതുപ്രകാരം ഒരു വര്‍ഷം 850 ദശലക്ഷം ഡോസ് വാക്സിന്‍ വിതരണമാണ് ലക്ഷ്യമിടുന്നത്.

Related posts

Leave a Comment