ഡി.സി.സി പട്ടികയെച്ചൊല്ലി കോൺഗ്രസിൽ കലാപം രൂക്ഷമായിരിക്കെ പട്ടികയെ അനുകൂലിച്ച് മുതിർന്ന നേതാവും എം.പിയുമായ കെ. മുരളീധരൻ. കോണ്‍ഗ്രസ് ഡിസിസി പ്രസിഡന്റ് പട്ടികയില്‍ വേണ്ടത്ര ചര്‍ച്ചകള്‍ നടന്നില്ലെന്ന മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും വാദം തള്ളി കെ മുരളീധരന്‍. ഫലപ്രദമായ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ഡിസിസി പ്രസിഡന്റുമാരെ തീരുമാനിച്ചതെന്ന് കെ മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.മുതിർന്ന നേതാക്കളുമായി ചർച്ചകൾ ഉണ്ടായിട്ടില്ലെന്ന് പറയുന്നത് സത്യമല്ല. സാധാരണ പത്രത്തിൽ നിന്നാണ് ഞാൻ പല വിവരങ്ങളും അറിയാറുള്ളത്. എന്നാൽ ഇത്തവണ അങ്ങനെയല്ല. നിരന്തരം കെ.പി.സി.സി പ്രസിഡന്‍റുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. ചെന്നിത്തല അടക്കമുള്ള സീനിയർ നേതാക്കളുമായി രാഹുൽ ഗാന്ധി അടക്കമുള്ളവർ ചർച്ച നടത്തിയിട്ടുണ്ട്. പാർട്ടിയെ ശക്തിപ്പെടുത്തുക എന്നതാണ് പ്രധാനമെന്നും കെ. മുരളീധരൻ പറഞ്ഞു. ഓരോ ജില്ലയുടെയും കാര്യത്തില്‍ പ്രത്യേകം ചര്‍ച്ചകള്‍ നടന്നു. ഇത്തവണത്തെ ഡിസിസി പ്രസിഡന്റുമാര്‍ യോഗ്യതയുള്ളവരാണ്. ചെറുപ്പക്കാരും സീനിയേഴ്‌സും അടങ്ങുന്നതാണ് 14 ജില്ലയുടെയും ഡിസിസി പ്രസിഡന്റുമാര്‍. ഇന്നത്തെ സാഹചര്യത്തില്‍ മെച്ചപ്പെട്ട പട്ടികയാണിത്. സീനിയേഴ്‌സിനെ വെച്ചു എന്നാണ് ചിലരുടെ ആക്ഷേപം. സീനിയേഴ്‌സ് എന്നാല്‍ എഴുന്നേറ്റ് നടക്കാന്‍ കഴിയാത്തവര്‍ എന്നല്ല അര്‍ത്ഥം. അവര്‍ വൃദ്ധ സദനത്തിലെ അംഗങ്ങള്‍ അല്ല. എല്ലാവരും കഴിവുള്ളവരാണെന്നും മുരളീധരന്‍ പറഞ്ഞു. ഫലപ്രദമായ ചര്‍ച്ചകള്‍ നടന്നിരുന്നെങ്കില്‍ പ്രതിഷേധം ഒഴിവാക്കാമായിരുന്നുവെന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്. ചര്‍ച്ച നടത്താമെന്ന് ആദ്യം പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഒന്നും നടന്നില്ലെന്നും ഉമ്മന്‍ ചാണ്ടി തുറന്നടിച്ചു. കൂടിയാലോചന നടന്നില്ല. നടന്നിരുന്നുവെങ്കില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുമായിരുന്നില്ല. മുന്‍പെല്ലാം ഫലപ്രദമായ ചര്‍ച്ചകള്‍ നടത്തിയാണ് പുനഃസംഘടന നടത്തിയത്.എല്ലാം ഹൈക്കമാന്‍ഡിനെ അറിയിച്ചു. ഡിസിസി പട്ടിക തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് തന്റെ പേര് അനാവശ്യമായി വലിച്ചിഴക്കുന്നു. ഇടുക്കിയില്‍ സി പി മാത്യുവിന്റെ പേര് നിര്‍ദേശിച്ചിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. കടുത്ത വിമര്‍ശനവുമായി രമേശ് ചെന്നിത്തലയും രംഗത്തെത്തി. വേണ്ട പോലെ ചര്‍ച്ച ചെയ്തിരുന്നെങ്കില്‍ ഹൈക്കമാന്‍ഡിന്റെ ഇടപെടല്‍ ഒഴിവാക്കാമായിരുന്നു. സ്ഥാനം കിട്ടുമ്പോള്‍ മാത്രം ഗ്രൂപ്പില്ല എന്ന് പറയുന്നവരോട് യോജിക്കുന്നില്ല. എല്ലാവര്‍ക്കും ഗ്രൂപ്പുണ്ട്. തര്‍ക്കങ്ങള്‍ കൂടിയോലോചിച്ച് പരിഹരിക്കണമായിരുന്നുവെന്നും ഭരണഘടനാപരമായി മാത്രമേ കെപിസിസി പ്രസിഡന്റ് അച്ചടക്ക നടപടി എടുക്കാവൂവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പുറത്തുവന്നിരിക്കുന്നതെന്ന് മെച്ചപ്പെട്ട പട്ടിക; ഉമ്മന്‍ ചാണ്ടിയെയും ചെന്നിത്തലയെയും തള്ളി മുരളീധരന്‍
