കൊല്ലം: കൊട്ടിയം സ്വദേശിനിയായ റംസി എന്ന യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കൊല്ലം ജില്ലാ സെഷന്‍സ് കോടതിയിലാണ് നടി ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. റംസിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ലക്ഷ്മി പ്രമോദ് ആരോപണവിധേയായിരുന്നു.
സംഭവത്തില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദ് ഒളിവില്‍ പോയെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാനിരിക്കെയാണ് നടി ഒളിവില്‍ പോയത്. പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്നും പിന്‍മാറിയതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തത്. കേസില്‍ പ്രതി ഹാരിസ് റിമാന്‍ഡിലാണ്. അറസ്റ്റിലായ ഹാരിസിന്റെ സഹോദരന്റെ ഭാര്യയാണ് ലക്ഷ്മി പ്രസാദ്. നടിക്കൊപ്പം ഭര്‍ത്താവും ആരോപണവിധേയരായ മറ്റുള്ളവരും ഒളിവില്‍ പോയി. ഇവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു. റംസിയും ലക്ഷ്മിയും നല്ല അടുപ്പത്തിലായിരുന്നു. ഇവര്‍ സമൂഹമാധ്യമത്തില്‍ ഒന്നിച്ച് ടിക്ടോക് ചെയ്തിട്ടുണ്ട്. ഇവര്‍ തമ്മിലുള്ള സംഭാഷണവും സന്ദേശം കൈമാറലും കേസന്വേഷണത്തിനു നിര്‍ണായകമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
ലക്ഷ്മിയെയും ഭര്‍ത്താവിനെയും തുടക്കത്തില്‍ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊബൈല്‍ ഫോണും പൊലീസിന്റെ കസ്റ്റഡിയിലാണ്. റംസിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്നും റംസിയുടെ ബന്ധുക്കള്‍ ആരോപിച്ചിട്ടുണ്ട്. മൂന്നു മാസം റംസി ഗര്‍ഭിണിയായിരിക്കേ നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം നടത്താനായി വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ചമച്ചതായും നടിക്കെതിരെ ആരോപണമുണ്ട്.
റംസിയുടെ മരണവുമായി ബന്ധപ്പെട്ട് ഹാരിസിനെ മാത്രമാണ് അറസ്റ്റ് ചെയ്തത്. സീരിയല്‍ നടി ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ കേസില്‍ പ്രതി ചേര്‍ക്കുമെന്നും പൊലീസ് അറിയിച്ചു. കൊട്ടിയം കണ്ണനല്ലൂര്‍ സിഐമാര്‍ ഉള്‍പ്പെട്ട പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഒന്‍പതംഗ സംഘത്തില്‍ രണ്ടു വനിതാ ഉദ്യോഗസ്ഥരും സൈബര്‍ വിദഗ്ധരുമുണ്ട്.