കൊച്ചി: നഗ്നശരീരത്തില് മക്കളെക്കൊണ്ട് ചിത്രം വരപ്പിക്കുകയും അത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ രഹ്ന ഫാത്തിമയുടെ വീട്ടില്‍ പോലീസ് റെയ്ഡ്. ബാലാവകാശ കമ്മീഷന് നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. രഹ്ന സ്ഥലത്തില്ലാത്തതിനാല്‍ അറസ്റ്റ് നടന്നില്ല.
കുട്ടികള്‍ക്ക് മുന്നിലുള്ള നഗ്നതാ പ്രദര്‍ശനം കൂടി ഉള്‍പ്പെട്ട സംഭവത്തില്‍ പോക്സോ നിയമപ്രകാരം രഹ്നക്കെതിരെ നടപടി വേണമെന്ന് ബാലാവകാശ കമ്മീഷന് പോലീസിനോട് നിര്‍ദേശിച്ചിരുന്നു. സംഭവത്തില്‍ ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന് നിര്‍ദേശിച്ചിരുന്നു. പനന്പള്ളിനഗറില്‍ ഇവര്‍ താമസിക്കുന്ന ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്സിലാണ് ഉച്ചയോടെ എറണാകുളം സൗത്ത് പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്. വീട്ടില്‍നിന്നു കുട്ടികളുടെ പെയിന്റിംഗ് ബ്രഷ്, ചായങ്ങള്‍, ലാപ്ടോപ് തുടങ്ങിയവ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വിഡിയോ പ്രചരിപ്പിച്ച സംഭവം എറണാകുളം സൈബര്‍ഡോം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് സൗത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സ്വന്തം നഗ്നശരീരം മക്കള്‍ക്ക് ചിത്രം വരയ്ക്കാന്‍ വിട്ടുനല്‍കിയതിന്റെ ദൃശ്യങ്ങള്‍ രഹ്ന ഫാത്തിമ തന്നെയാണു സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്.