തിരുവനന്തപുരം ∙ രോഗി മരിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജിലെ വനിതാ ഡോക്ടർക്കു മർദനം. മരിച്ചവിവരം അറിയിച്ച വനിതാ ഡോക്ടറെ രോഗിയുടെ ഭർത്താവ് ചവിട്ടി വീഴ്ത്തുകയായിരുന്നു.
ന്യൂറോ ഐസിയുവിലുണ്ടായിരുന്ന രോഗി ചൊവ്വാഴ്ച രാത്രിയാണ് മരിച്ചത്. ഐസിയുവിൽനിന്ന് പുറത്തുവന്ന ഡോക്ടർ മരണവിവരം രോഗിയുടെ ഭർത്താവിനെ അറിയിച്ചു. പ്രകോപിതനായ ഭർത്താവ് ഡോക്ടറെ ചവിട്ടി വീഴ്ത്തി.
സുരക്ഷാ ജീവനക്കാരും മറ്റും എത്തിയാണ് ഡോക്ടറെ രക്ഷിച്ചത്. പരുക്കേറ്റ ഡോക്ടർ മെഡിക്കൽ കോളജിൽ ചികിൽസയിലാണ്. അക്രമത്തിൽ മെഡിക്കൽ കോളേജ് അധികൃതർ പ്രതിഷേധിച്ചു.
മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോക്ടർമാരുടെ പ്രതിനിധികളുടെ യോഗം വിളിച്ചു.
ഡോക്ടർമാർക്കു നേരെ തുടർച്ചയായി ഉണ്ടാകുന്ന അക്രമസംഭവങ്ങൾ ചർച്ച ചെയ്യുമെന്നും ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെടുമെന്നും അധികൃതർ പറഞ്ഞു.