രോഗിയുടെ ശരീരത്തില്‍ പുഴുവരിച്ച സംഭവം; മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും സിറ്റി പൊലീസ് കമ്മീഷണറും അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ കോവിഡ് രോഗിയുടെ അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. വിശദമായ അന്വേഷണം നടത്തി ഒക്ടോബര്‍ 20 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറോടും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറോടും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.

കോവിഡ് പോസിറ്റീവായി ചികിത്സയിലായിരുന്ന മണികണ്ഠശ്വരം സ്വദേശി ആര്‍. അനില്‍കുമാറിന്റെ ശരീരം പുഴുവരിച്ചെന്നാണ് പരാതി ഉയര്‍ന്നത്. ഭാര്യ എസ് അനിതകുമാരി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ഓഗസ്റ്റ് 22നാണ് അനില്‍കുമാറിനെ മെഡിക്കല്‍ കോളേജ് ഓര്‍ത്തോ ഐസിയുവില്‍ പ്രവേശിപ്പിച്ചത്. ഐസിയുവില്‍ കോവിഡ് സ്ഥിതീകരിച്ചതിനെ തുടര്‍ന്ന് വാര്‍ഡിലേക്ക് മാറ്റി. എന്നാല്‍ ഓക്സിജന്‍ നില താഴ്ന്നതിനെ തുടര്‍ന്ന് വീണ്ടും ഐസിയുവില്‍ പ്രവേശിപ്പിച്ചു.

അനില്‍കുമാര്‍ ജീവിക്കാന്‍ സാധ്യതയില്ലെന്ന് ഡോക്ടര്‍ പറഞ്ഞതായി പരാതിയില്‍ പറയുന്നു. മകന്റെ കൈയില്‍ നിന്നും അച്ഛന്‍ ഗുരുതരാവസ്ഥയിലാണെന്ന് ബോധ്യപ്പെട്ടതായി ഡോക്ടര്‍ എഴുതി വാങ്ങുകയും ചെയ്തു. ആദ്യത്തെ കോവിഡ് പരിശോധനയില്‍ നെഗറ്റീവായ അനില്‍ കുമാര്‍ സെപ്റ്റംബര്‍ 4ന് പോസിറ്റീവായി. തുടര്‍ന്ന് മക്കള്‍ ക്വറന്റീനില്‍ പ്രവേശിച്ചു. സെപ്റ്റംബര്‍ 24 ന് അനില്‍കുമാറിന് കോവിഡ് നെഗറ്റീവായി. രോഗിയെ വീട്ടില്‍ കൊണ്ടു പോകാന്‍ എത്തണമെന്ന നിര്‍ദ്ദേശം കിട്ടിയതിനെ തുടര്‍ന്ന് ബന്ധുക്കളെത്തി വിടുതല്‍ വാങ്ങി വീട്ടിലെത്തിക്കുമ്ബോഴാണ് പുഴുവരിച്ചതായി കണ്ടെത്തിയത്.

കഴുത്തില്‍ കിടന്ന കോളര്‍ ഇറുകി തലയുടെ പുറകില്‍ മുറിവുണ്ടാകുകയും രണ്ട് തോളിലും ഒരിഞ്ചോളം മുറിവ് കണ്ടതായി ഭാര്യ പറയുന്നു. മെഡിക്കല്‍ കോളേജിലെ ആറാം വാര്‍ഡിലെ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. ഈ അവസ്ഥ മറ്റാര്‍ക്കും ഉണ്ടാകാതിരിക്കാന്‍ കര്‍ശന നടപടിയാണ് ആവശ്യമെന്നും പരാതിയില്‍ പറയുന്നു.

Related posts

Leave a Comment