തിരുവനന്തപുരം: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കിടെ സംസ്ഥാനത്തെ പുതിയ ബജറ്റ് നാളെ അവതരിപ്പിക്കും. കൊറോണ പ്രതിസന്ധിയെ നേരിടാനുൾപ്പടെ തുക മാറ്റിവക്കുന്നത് സർക്കാരിന് വെല്ലുവിളിയാണ്. കടമെടുത്താണ് ഇപ്പോൾ സംസ്ഥാനം മുന്നോട്ട് പോകുന്നത്.
കൊറോണയെത്തുടർന്നുള്ള അടച്ച് പൂട്ടൽ തുടരുന്നതിനിടെയാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ നാളെ തന്റെ കന്നി ബജറ്റ് അവതരിപ്പിക്കുന്നത്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന സംസ്ഥാനത്ത് പുതുക്കിയ ബജറ്റിൽ കാര്യമായ പ്രഖ്യാപനങ്ങളുണ്ടാകാൻ സാധ്യതയില്ല. നികുതികൾ വർദ്ധിപ്പിച്ച് സർക്കാർ വരുമാനം കണ്ടെത്തുമോയെന്ന ആശങ്കയും നിലനിൽക്കുന്നു. ലോക്ഡൌണിനെ തുടർന്ന് പ്രധാന വരുമാന സ്രോതസായ മദ്യശാലകൾ അടച്ചതും ലോട്ടറി വിൽപ്പന നിർത്തി വച്ചിരിക്കുന്നതും സർക്കാരിന് തിരിച്ചടിയാണ്.
അതേസമയം തന്നെ ഒരു വശത്ത് ചെലവും കുതിച്ചുയരുന്നു. സംസ്ഥാനത്ത് പിആർ വർക്കിനായി കോടികൾ ചെലവഴിച്ചുള്ള ധൂർത്തിനും ഒരു കുറവുമില്ല. ഓരോ മാസവും 1000 കോടി വീതം കടമെടുത്താണ് സർക്കാർ പിടിച്ച് നിൽക്കുന്നത്. കേന്ദ്രസർക്കാർ നൽകുന്ന വിവിധ ഗ്രാന്റുകളാണ് ആകെ സർക്കാരിന് ഇപ്പോൾ ആശ്വാസം. കൊറോണ പ്രതിരോധത്തിനും വാക്സിൻ വാങ്ങുന്നതിനുമുൾപ്പടെ ബജറ്റിൽ തുക മാറ്റി വക്കുന്നത് പുതിയ ധനമന്ത്രിക്കും വെല്ലുവിളിയാകും. അതുകൊണ്ട് തന്നെ പഴയ പദ്ധതികളുടെ ആവർത്തനങ്ങൾ മാത്രമാകും ബജറ്റിലുണ്ടാവുക