രാത്രി വൈകി ഫോണില്‍ സംസാരിച്ചതിന് പിതാവ് വഴക്കു പറഞ്ഞു; വീട് വിട്ടിറങ്ങിയ യുവാവ് കത്തിക്കരിഞ്ഞ നിലയില്‍

കോട്ടയം: രാത്രി ഏറെ വൈകിയും ഫോണില്‍ സംസാരിച്ചതിന് പിതാവ് വഴക്കു പറഞ്ഞ സങ്കടത്തില്‍ യുവാവ് ജീവനൊടുക്കി. പെരുവ ആറക്കല്‍ ജോസഫ്-ലൈസ ദമ്ബതികളുടെ മകന്‍ ലിഖില്‍ ജോസഫ് (28) ആണ് മരിച്ചത്. പിതാവ് വഴക്കു പറഞ്ഞതിന് പിന്നാലെ വീടു വിട്ടിറങ്ങിയ ലിഖിലിനെ വീടിന് കുറച്ചകലെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

– കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടരയ്ക്കും വീടിന്‍റെ മുകള്‍ നിലയിലെ മുറിയില്‍ ലിഖില്‍ ആരോടോ ഫോണില്‍ സംസാരിച്ചിരുന്നു. ശബ്ദം കേട്ടെത്തിയ പിതാവ് ഫോണ്‍ പിടിച്ചു വാങ്ങി ഇയാളോട് ഉറങ്ങാന്‍ ആവശ്യപ്പെട്ടുവെന്നാണ് പൊലീസ് പറയുന്നത്. ഇതിന് പിന്നാലെ വീട്ടുകാരുമായി വഴക്കിട്ട യുവാവ് വീട്ടില്‍ നിന്നിറങ്ങിപ്പോവുകയായിരുന്നു. –

ലിഖിലിനെ അന്വേഷിച്ചറങ്ങിയ വീട്ടുകാര്‍ ഇതിനിടെ വെള്ളൂര്‍ പൊലീസിലും വിവരം അറിയിച്ചിരുന്നു. വീട്ടുകാരും പൊലീസും അന്വേഷണം തുടരുന്നതിനിടെ പുലര്‍ച്ചെ അഞ്ചരയോടെ നടക്കാനിറങ്ങിയ ആളുകളാണ് പെരുവ നരസിംഹസ്വാമി ക്ഷേത്രത്തിനും തടിമില്ലിനും സമീപത്തു നിന്നും ദേഹമാസകലം പൊള്ളലേറ്റ നിലയില്‍ യുവാവിനെ കണ്ടെത്തിയത്.

ഉടന്‍ തന്നെ ഒരു സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്കും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം ഇന്ന് 5 ന് അറുനൂറ്റിമംഗലം സെന്റ് ജോസഫ് ക്നാനായ പള്ളിയില്‍ നടക്കും.

ഒഇഎന്‍ ഇന്ത്യ ലിമിറ്റഡ് ജീവനക്കാരനാണ് ലിഖില്‍. കുറച്ചു നാളായി ഇയാള്‍ മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നുണ്ട്. സഹോദരങ്ങള്‍ ജിഞ്ചു ജോസഫ്, ലിനു ജോസഫ്.

Related posts

Leave a Comment