രാത്രി വീട്ടിലെത്തിയില്ല, ഓട്ടോ ഡ്രൈവറെ കാണാനില്ലെന്ന് കുടുംബം; തെരച്ചിലിൽ പാറമടക്കുളത്തിൽ മൃതദേഹം

കോട്ടയം: തോട്ടയ്ക്കാട് കാണാതായ ഓട്ടോ ഡ്രൈവറുടെ മൃതദേഹം പാറമടക്കുളത്തിൽ കണ്ടെത്തി.

വാകത്താനം സ്വദേശി അജേഷ് (34) ആണ് മരിച്ചത്.

അജേഷിനെ കാണാനില്ലെന്ന് ബന്ധുക്കൾ രാവിലെ വാകത്താനം പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടിരുന്നു.പ്രദേശത്തെ പാറമടക്കുളത്തിൽ ഓട്ടോറിക്ഷയുടെ സ്റ്റെപ്പിനി പൊങ്ങി നിൽക്കുന്നത് കണ്ടതോടെയാണ് സംശയം ഉയർന്നത്.

പോലീസ് നിർദേശം അനുസരിച്ച് പാമ്പാടി, കോട്ടയം എന്നിവിടങ്ങളിൽ നിന്നുള്ള ഫയ‍ർ ഫോഴ്സ് സംഘം നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

തോട്ടയ്ക്കാട് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായ അജേഷ് ബുധനാഴ്ച രാത്രി വീട്ടിലെത്തിയിരുന്നില്ല. ഇതേ തുടർന്നാണ് ബന്ധുക്കൾ വാകത്താനം പോലീസിൽ പരാതി നൽകിയത്.

പോലീസ് സംഘം നാട്ടുകാരുടെ സംശയത്തെ തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിലാണ് പാറമടക്കുളത്തിൽ ഓട്ടോറിക്ഷയുടെ സ്റ്റെപ്പിനി കണ്ടത്.

തുടർന്ന് ഇവർ ഫയർ ഫോഴ്സിനെ വിവരം അറിയിച്ചു. ഫയർ ഫോഴ്സ് എത്തി ഓട്ടോ കുളത്തിൽ മറിഞ്ഞിട്ടുണ്ടോയെന്ന സംശയത്തിൽ തെരച്ചിൽ നടത്തി.

പാമ്പാടിയിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘവും കോട്ടയം യൂണിറ്റിൽ നിന്നുള്ള ഫയർ ഫോഴ്സ് സ്‌കൂബാ യൂണിറ്റ് സംഘവും സ്ഥലത്തെത്തി.

തുടർപരിശോധനയിലാണ് പാറമടക്കുളത്തിൽനിന്ന് മൃതദേഹവും ഓട്ടോയും കണ്ടെത്തിയത്.

വാകത്താനം പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.

Related posts

Leave a Comment