രാത്രി പുലരുമ്ബോഴേക്കും അച്ഛനും അമ്മയും അനിയത്തിയുമില്ല; കണ്ണീര്‍ക്കയത്തില്‍ അനാഥയായി ശ്രുതി

ഒറ്റരാത്രി ഇരുട്ടി വെളുത്തപ്പോള്‍ കാണാതായ പ്രിയപ്പെട്ടവരെ തേടി അലയുന്നവരുടെ കാഴ്ചയാണ് വയനാട് മുണ്ടക്കൈയിലും ചൂരല്‍മലയിലും കാണുന്നത്.
ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട നിരവധി പേരുടെ ദുരന്ത കാഴ്ചകള്‍ ഓരോ മനുഷ്യരുടെയും മനസിനെ ഉലയ്ക്കുന്നു.

അത്തരത്തില്‍ മലവെള്ളമെടുത്തത് ഒരു കുടുംബത്തിലെ മൂന്ന പേരെയാണ്. ഇതോടെ ശ്രുതി അനാഥയായി.

ശ്രുതിയുടെ അച്ഛൻ ശിവണ്ണൻ, അമ്മ സബിത, അനിയത്തി ശ്രേയ എന്നിവരെയാണ് മലവെള്ളം കൊണ്ടുപോയത്.

അനിയത്തി ശ്രേയയുടെ മൃതദേഹം മാത്രമാണ് തിരിച്ചുകിട്ടിയത്. ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയ അച്ഛനും അമ്മയും ജീവനോടെയുണ്ടോ എന്നും പോലും ശ്രുതിക്ക് അറിയില്ല.

കല്പറ്റ എൻ എം എസ് എം ഗവ. കോളേജില്‍ ബിരുദ വിദ്യാർത്ഥിയാണ് ശ്രേയ.ശ്രുതി കോഴിക്കോട് മിംസ് ആശുപത്രിയില്‍ ജോലി ചെയ്യുന്നു.

ബന്ധു വീട്ടിലായതിനാല്‍ മാത്രം ശ്രുതി രക്ഷപ്പെട്ടു. ഒരു നിമിഷം കൊണ്ട് പ്രിയപ്പെട്ടവരെയൊക്കെ നഷ്ടപ്പെട്ട വേദനയിലാണ് ശ്രുതി.

ഒന്നര മാസം മുൻപ് പാലുകാച്ചല്‍ നടന്ന വീടില്ല. ശ്രുതിയുടെ വിവാഹം ഡിസംബറില്‍ നടത്താനാണ് നിശ്ചയിച്ചിരുന്നത്.

അതിന് വേണ്ടി നാലര ലക്ഷം രൂപയും പതിനഞ്ച് പവനും സ്വരുക്കൂട്ടി വെച്ചിരുന്നു. അതും മലവെള്ളത്തില്‍ എവിടെയോ പോയി.

‘കൂട്ടുകാരെ പോലെയായിരുന്നു അച്ഛനും അമ്മയും മക്കളും. മക്കളെ പഠിപ്പിച്ച്‌ നല്ലനിലയില്‍ വളർത്താൻ അച്ഛൻ തുന്നല്‍പ്പണിക്കൊപ്പം കല്‍പ്പണിയുമെടുത്തു.

അനിയത്തിയെ മരണം കൊണ്ടുപോയി. ഞാൻ എങ്ങനെയാണ്‌ അവളെ ആശ്വസിപ്പിക്കേണ്ടത്‌’. ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസന്റെ വാക്കുകള്‍ ഇടറി.

Related posts

Leave a Comment