ബംഗലുരു: ഭാര്യയുടെ വിശ്വസ്തതയില്‍ സംശയാലുവായിരുന്ന പോലീസ് കോണ്‍സ്റ്റബിള്‍ പ്രസവിച്ചു കിടക്കുന്ന യുവതിയെ ഭാര്യവീട്ടില്‍ ചെന്ന് അവിടിട്ടു കൊന്നു.
ഭാര്യയെ അപമാനിച്ചതിന് പിന്നാലെ 150 കോളുകള്‍ വിളിച്ചിട്ടും അവര്‍ എടുക്കാതിരുന്നതിനെ തുടര്‍ന്നുള്ള ദേഷ്യത്തിനായിരുന്നു കൊലപാതകം നടത്തിയത്. 230 കിലോമീറ്റര്‍ അകലെയുള്ള വീട്ടിലെത്തിയാണ് കൊല നടത്തിയത്.
ഭാര്യയെ കൊലപ്പെടുത്താനായി തന്റെ നാടായ ചമരജനഗര്‍ ടൗണില്‍ നിന്നും ഭാര്യവീടായ ഹോസ്കോട്ടേ വരെ ഇയാള്‍ സഞ്ചരിച്ചു.
വിഷം കഴിച്ചുകൊണ്ടു വീട്ടിനുള്ളില്‍ കയറിയ ഇയാള്‍ ഭാര്യയുടെ മുറിയില്‍ കയറി വാതിലടച്ച് അവരെ ദുപ്പട്ട കൊണ്ടു കഴുത്തുമുറുക്കി കൊലപ്പെടുത്തുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ നടന്ന സംഭവത്തില്‍ 24 കാരി പ്രതിഭയാണ് കൊല്ലപ്പെട്ടത്. ചമരജനഗര്‍ ഈസ്റ്റിലെ രാമസമുദ്ര പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് കിഷോറിന്റെ നില ഗുരുതരമായി തുടരുകയാണ്.
ഇയാള്‍ കോളാറിലെ തമാകയിലെ ആര്‍എല്‍ ജലപ്പാ ആശുപത്രിയില്‍ സ്വമേധയാ അഡ്മിറ്റായ ഇയാളെ പിന്നീട് പോലീസ് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഡിസ്ചാര്‍ജ്ജ് ചെയ്താലുടന്‍ ഇയാളെ അറസ്റ്റ് ചെയ്യും.
ബട്ടാഹലാസുര് ഗ്രാമ പഞ്ചായത്തിലെ സെക്രട്ടറിയായ സുബ്രഹ്മണി എന്നയാളുടെ ഇളയമകളാണ് പ്രതിഭ.
ബിഇ കംപ്യൂട്ടര്‍ സയന്‍സ് ബിരുദധാരിയായ യുവതിയെ കോളാറിലെ വീരപുരക്കാരനായ കിഷോര്‍ വിവാഹം ചെയ്തത്ത കഴിഞ്ഞ നവംബര്‍ 13 നായിരുന്നു.
വിവാഹത്തിന്റെ പിറ്റേന്ന് മുതല്‍ ഭാര്യയെ കിഷോറിന് സംശയമയിരുന്നു. യുവതിക്ക് വരുന്ന മെസേജുകളും കോളുകളുമെല്ലാം നിരന്തരം വിശദമായി ഇയാള്‍ പരിശോധന നടത്തിയിരുന്നു.
പ്രതിഭയെ ആരെങ്കിലും ഫോണ്‍വിളിക്കുകയോ അവര്‍ക്ക് ആരെങ്കിലും സന്ദേശം അയയ്ക്കുകയോ ചെയ്താല്‍ കിഷോര്‍ അവയൊക്കെ പരിശോധിക്കുകയും ചോദ്യം ചെയ്യലിന് ഇരയാക്കുകയും ചെയ്തിരുന്നു.
ഒപ്പം ജോലി ചെയ്തിരുന്ന ചില പുരുഷ സഹപ്രവര്‍ത്തകരുമായി ഭാര്യയ്ക്ക് ബന്ധമുള്ളതായി കിഷോര്‍ പതിവായി ആരോപിക്കുകയും ചെയ്തിരുന്നു. സ്വന്തം വീട്ടില്‍ പ്രസവിച്ചു കിടക്കുന്ന പ്രതിഭയെ ഞായറാഴ്ച വൈകിട്ട് കിഷോര്‍ വിളിക്കുകയും ചില കാരണങ്ങളാല്‍ വഴക്ക് പിടിക്കുകയും ചെയ്തു.
ഇതേ തുടര്‍ന്ന് പ്രതിഭ കരയുകയും മറ്റും ചെയ്തതോടെ മകള്‍ കരയുന്നത് കുഞ്ഞിന്റെ ആരോഗ്യത്തെയും ബാധിക്കുമെന്ന് പറഞ്ഞ് മാതാവ് വെങ്കിടലക്ഷ്മമ്മ ഫോണ്‍ പിടിച്ചുവാങ്ങുകയും ഫോണ്‍ ഇനി എടുക്കേണ്ടെന്ന് നിര്‍ദേശിക്കുകയും ചെയ്തു.
പിറ്റേന്ന് രാവിലെ എഴുന്നേറ്റു പ്രതിഭ ഫോണ്‍ നോക്കിയപ്പോള്‍ 150 മിസ്ഡ് കോളുകളാണ് കണ്ടത്. ഇത് പ്രതിഭ മാതാപിതാക്കളെ അറിയിക്കുകയും ചെയ്തു.
തിങ്കളാഴ്ച രാവിലെ 11.30 യോടെ കിഷോര്‍ പ്രതിഭയുടെ വീട്ടിലെത്തുമ്ബോള്‍ വെങ്കിടലക്ഷ്മമ്മ ടെറസിലായിരുന്നു. പ്രതിഭയും കുഞ്ഞും വീടിന്റെ താഴത്തെ നിലയിലുമായിരുന്നു.
വീട്ടിലേക്ക് കയറിയ കിഷോര്‍ ആദ്യം വിഷം കഴിച്ചു. അതിന് ശേഷം പ്രതിഭയുടെ കഴുത്തില്‍ തുണി മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. വെങ്കിടലക്ഷ്മമ്മ താഴെ വന്നപ്പോള്‍ മുറി പൂട്ടിയ നിലയിലായിരുന്നു.
തട്ടിവിളിച്ചിട്ടും മകളില്‍ നിന്നും പ്രതികരണമുണ്ടായില്ല. അപകടം മണത്ത അവര്‍ കിഷോറിനോട് വാതില്‍ തുറക്കാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.
15 മിനിറ്റിന് ശേഷം വാതില്‍ തുറന്നു പുറത്തിറങ്ങിയ കിഷോര്‍ താന്‍ അവളെ കൊന്നെന്ന് മാതാവിനോട് പറഞ്ഞു.
മകളുടെ ഭര്‍ത്താവിനെ ആജീവനാന്ത കാലം അഴിക്കുള്ളില്‍ ഇടണമെന്നാണ് പിതാവ് സുബ്രഹ്മണി പറഞ്ഞത്. കിഷോറിന്റെ മാതാവിനെതിരേയും ഇവര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
മകളെ ഭര്‍ത്തൃമാതാവ് നിരന്തരം അപമാനിച്ചിരുന്നതായിട്ടാണ് ആരോപണം. പിതാവിന്റെ പരാതിയില്‍ കിഷോറിനെതിരേ പോലീസ് കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്.