കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍, കേരള ചരിത്രത്തില്‍ മുമ്ബുണ്ടായിട്ടില്ലാത്ത തരത്തിലുള്ള അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും കേസ് രാജ്യ സുരക്ഷയെ ബാധിക്കുന്നതാണെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ കസ്റ്റഡി നീട്ടാന്‍ ആവശ്യപ്പെട്ട് പ്രത്യേക സാമ്ബത്തിക കുറ്റ വിചാരണക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കസ്റ്റംസ് സൂപ്രണ്ട് വി. വിവേകിന്റെ വിശദീകരണം. ഇരുപത്തിമൂന്നാം പ്രതിയായ ശിവശങ്കറിന്റെ ജുഡീഷ്യല്‍ കസ്റ്റഡി റിമാന്‍ഡ് 14 ദിവസത്തേക്ക് കൂടി കോടതി നീട്ടി.
സ്വര്‍ണക്കടത്തിന് യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍, കോണ്‍സുലേറ്റ് ചുമതലക്കാരന് റഷീദ് ഖാമിസ് അലി മുഷൈഖി അല്‍ അഷ്മിയയുടെ പേരില്‍ വന്ന പാഴ്സല്‍ വാങ്ങാന്‍ തിരുവനന്തപുരം എയര്‍ കാര്‍ഗോ കോംപ്ലക്സില്‍ നല്കിയ രേഖകള്‍ കൃത്രിമമാണെന്ന് കസ്റ്റംസ് വിശദീകരിക്കുന്നു. പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ള കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന് പി.എസ്. സരിത്്, മുന്‍ ജീവനക്കാരി സ്വപ്ന സുരേഷ് തുടങ്ങിയവര്‍ വ്യാജ രേഖയുണ്ടാക്കിയതായാണ് കണ്ടെത്തല്‍. ഈ വിവരം കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിലുണ്ട്.
സമാനമായി യുഎഇ എംബസിയിലും വ്യാജ രേഖ ചമച്ചതായാണ് വിവരം. കേസില്‍ പ്രതികളായ ഫൈസല്‍ ഫരീദ്, കെ.ടി. റമീസ് എന്നിവരാണ് വിദേശത്ത് വ്യാജ രേഖകള്‍ നിര്‍മിക്കുന്നത്. ഇക്കാര്യങ്ങള്‍ നയതന്ത്ര തലത്തില്‍ത്തന്നെ യുഎഇ സര്‍ക്കാരിനെ അറിയിച്ചു കഴിഞ്ഞുവെന്നാണ് വിവരം.
വ്യാജ രേഖ നിര്‍മിക്കാനും അത് വിനിയോഗിച്ച് നികുതിയിളവ് നേടാനും കൊണ്ടുവരുന്ന വസ്തുക്കള്‍ കാര്‍ഗോ കടത്തി, കോണ്‍സുലേറ്റിലേക്ക് കൊണ്ടുപോകാനും സംസ്ഥാന പ്രോട്ടോകോള്‍ സംവിധാനത്തെ വിനിയോഗിക്കാനും മുഖ്യമന്ത്രിയുടെ ഓഫീസും കൂട്ടുനിന്നു. പ്രോട്ടോകോള്‍ വിഭാഗത്തെ മറികടന്ന് ഇടപാടുകള്‍ക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ചുമതലപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനവും ഈ കേസിന്റെ അന്വേഷണ ഭാഗമാണ്. കോണ്‍സുലേറ്റ് വഴി ഖുറാന് കടത്തിയ മന്ത്രി കെ.ടി. ജലീലിന്റെ ഇടപാടുകള്‍ സംബന്ധിച്ച ചോദ്യം ചെയ്യലിന്റെ തുടര്‍ നടപടികള്‍ വരാനിരിക്കുകയാണ്. ഇത്തരത്തില്‍ കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനാലാണ്, പല വിവരങ്ങളും ഇപ്പോള്‍ പുറത്തുവിടുന്നത് അന്വേഷണത്തെയും ചോദ്യംചെയ്യലുകളെയും ബാധിക്കുമെന്ന് റിപ്പോര്‍ട്ടില്‍ കസ്റ്റംസ് ചൂണ്ടിക്കാട്ടുന്നത്. ദേശീയ സുരക്ഷയെ ബാധിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പല രഹസ്യ വിവരങ്ങളും സ്വപ്ന സുരേഷിന് ശിവശങ്കര്‍ ചോര്‍ത്തി നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ശിവശങ്കറിനെ ജാമ്യത്തില്‍ വിടുന്നത് കേസിനെ ബാധിക്കുമെന്നും കസ്റ്റംസ് ചൂണ്ടിക്കാട്ടുന്നു.
ശിവശങ്കറിന് കേസില്‍ നേരിട്ടു ബന്ധം വ്യക്തമാകുന്ന തെളിവുകള്‍ കസ്റ്റംസിന് ലഭിച്ചു. അന്വേഷണം നിര്‍ണായക ഘട്ടത്തിലാണ്. ഏറെ സ്വാധീനശേഷിയുള്ള വ്യക്തിയെന്ന നിലയില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പ്രതിയെ നിലനിര്‍ത്തണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടു.