മുംബൈ : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത് 10,667 പേര്‍ക്ക്. കൂടാതെ 380 പേരാണ് ഇന്നലെ മരിച്ചതെന്നും ആരോഗ്യമന്ത്രാലയം. ഇതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 3.43 ലക്ഷമായി ഉയര്‍ന്നു. 9,900 പേരാണ് മഹാമാരിയെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളിലായി മരിച്ചത്.
രോഗം ബാധിച്ചവരില്‍ 1.80 ലക്ഷം പേര്‍ക്ക് ഇതുവരെ രോഗമുക്തി ലഭിച്ചെന്നും നിലവില്‍ 1.53 ലക്ഷം പേരാണ് ചികിത്സയിലുളളതെന്നും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം പതിനായിരത്തിന് മുകളില്‍ എത്തുന്നത്.
ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുളള ഇന്ത്യയില്‍ വളരെ വേഗമാണ് കൊവിഡ് പടര്‍ന്നുപിടിക്കുന്നത്. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് രാജ്യത്തെ രോഗികളില്‍ ഏറെയും. മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്നലെയും വലിയ വര്‍ധനയാണ് ഉണ്ടായത്.
ഇന്നലെ 2,786 പേര്‍ക്ക് കൊവിഡ് കണ്ടെത്തി. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതര്‍ 1.10 ലക്ഷമായി. 4,128 പേര്‍ക്ക് ഇതുവരെ കൊവിഡില്‍ ജീവന്‍ നഷ്ടമായി. ഇന്ന് അയ്യായിരത്തിലധികം പേര്‍ രോഗമുക്തരായി ആശുപത്രി വിടുകയും ചെയ്തു. മഹാരാഷ്ട്രയിലെ മുംബൈ, താനെ, പൂനെ നഗരങ്ങളില്‍ രോഗികളുടെ എണ്ണം വന്‍തോതിലാണ്.