രാജ്യത്ത് ഇനി ആശ്വാസ ദിനങ്ങള്‍; കോവിഡ് വാക്‌സിന്‍ ആഴ്ചകള്‍ക്കുള്ളില്‍ എത്തുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തിന് ആശ്വാസ വാര്‍ത്തയുമായി പ്രധാനമന്ത്രി. കോവിഡ് വാക്‌സിന്‍ എതാനും ആഴ്ചകള്‍ക്കുള്ളില്‍ രാജ്യത്ത് വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സര്‍വകക്ഷി യോഗത്തിലായിരുന്നു മോദിയുടെ പ്രഖ്യാപനം. ഏറ്റവും കുറഞ്ഞ നിരക്കില്‍ രാജ്യത്ത് വാക്‌സിന്‍ ലഭ്യമാക്കുമെന്നും ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കായിരിക്കും വാക്‌സിന്‍ നല്‍കുകയെന്നും മോദി പറഞ്ഞു.

എന്നാല്‍ വാക്‌സിനേഷന്‍ വില സംബന്ധിച്ച്‌ കേന്ദ്രം സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച നടത്തിവരികയാണെന്നും പൊതുജനാരോഗ്യത്തെ മുന്‍നിര്‍ത്തി തന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും മോദി പറഞ്ഞു. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ വാക്‌സിന്‍ വിതരണം നടത്തും. ശാസ്ത്രജ്ഞര്‍ കഠിനശ്രമത്തിലാണ്. ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, ഗുരുതരമായ അവസ്ഥയില്‍ ബുദ്ധിമുട്ടുന്ന പ്രായമായവര്‍ എന്നിവര്‍ക്ക് വാക്‌സിന്‍ നല്‍കും.

കൂടാതെ സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ ആവശ്യമായ മറ്റ് കോള്‍ഡ് ചെയിന്‍ സ്റ്റോറേജുകള്‍ സ്ഥാപിക്കുമെന്നും മോദി പറഞ്ഞു. വാക്‌സിന്‍ സ്റ്റോക്കിനും തത്സമയ വിവരങ്ങള്‍ക്കുമായി ഒരു പ്രത്യേക സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ‘ഇന്ത്യയില്‍ എട്ട് വാക്സിനുകള്‍ പരീക്ഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഇതില്‍ ഇന്ത്യയില്‍ നിന്നുള്ള മൂന്ന് വാക്‌സിനുകളുണ്ട്. വാക്‌സിന്‍ നിര്‍മ്മിക്കാനുള്ള ശ്രമത്തില്‍ വിജയിക്കുമെന്ന് നമ്മുടെ ശാസ്ത്രജ്ഞര്‍ക്ക് വളരെ ആത്മവിശ്വാസമുണ്ട്. കുറഞ്ഞവിലയിലും സുരക്ഷിതവുമായ വാക്‌സിന് വേണ്ടിയാണ് കാത്തിരിക്കുന്നത്. ലോകം ഇക്കാര്യത്തില്‍ ഇന്ത്യയെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, മോദി പറഞ്ഞു.

Related posts

Leave a Comment