ഗ്രൂപ്പ് യോഗങ്ങള്‍ വിളിച്ചും പരസ്യമായി വിഴുപ്പലക്കിയും പൊതുജനമധ്യത്തില്‍ അപഹാസ്യരാകുന്നു; യുഡിഎഫ് നേതാക്കള്‍ക്ക് ഷിബു ബേബി ജോണിന്റെ രൂക്ഷ വിമര്‍ശനം

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പരസ്യവിമര്‍ശനവും ഗ്രൂപ്പ് യോഗങ്ങളും നടത്തുന്ന യുഡിഎഫ് നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് ഷിബു ബേബി ജോണ്‍. തെരഞ്ഞെടുപ്പ് പരാജയം ഉള്‍ക്കൊള്ളാതെ നേതാക്കള്‍ ഗ്രൂപ്പ് യോഗങ്ങള്‍ വിളിച്ചും പരസ്യമായി വിഴുപ്പലക്കിയും പൊതുജനമധ്യത്തില്‍ അപഹാസ്യരാകുകയാണെന്നാണ് ഷിബുവിന്റെ വിമര്‍ശനം.

നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയം നേരിട്ട യുഡിഎഫ് നേതൃത്വം ഇനിയും പാഠം പഠിച്ചിട്ടില്ലെന്ന പരസ്യ വിമര്‍ശനവുമായാണ് ഷിബു ബേബി ജോണ്‍ രംഗത്തെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ ഗ്രൂപ്പ് യോഗങ്ങള്‍ വിളിച്ച് പൊതുജനമധ്യത്തില്‍ അപഹാസ്യരാവുകയാണ്. മുന്നണിയുടെ നില നില്‍പ് തന്നെ ചോദ്യം ചെയ്യപ്പെടുമ്പോള്‍ അത് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത നേതാക്കളാണ് ഭൂരിപക്ഷവും. മാധ്യമങ്ങളോടും പാര്‍ട്ടി വേദിയിലും എന്ത് പറയണമെന്ന് പോലും തിരിച്ചറിവില്ലാത്തവരായി നേതാക്കള്‍ മാറിയെന്നും ഷിബു ബേബി ജോണ്‍ വിമര്‍ശിക്കുന്നു. നേതാക്കളുടെ അധ:പതനത്തിനുള്ള മറുപടിയാണ് തെരഞ്ഞെടുപ്പിലൂടെ ജനം തന്നതെന്നും ഇനിയും ജനങ്ങളെക്കൊണ്ട് തല്ലിക്കെരുതെന്നും ഷിബു ബേബി ജോണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കുറിപ്പ്,

കേരളത്തിലെ മതേതര ജനാധിപത്യ ചേരിയായ ഐക്യജനാധിപത്യ മുന്നണി തെരെഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് വലിയൊരു പടുകുഴിയിലേക്ക് നിലംപതിച്ചിരിക്കുന്ന ഒരു രാഷ്ട്രീയ സാഹചര്യത്തില്‍ നിലനില്‍പ്പ് തന്നെ കണ്‍മുമ്പില്‍ ചോദ്യചിഹ്നമായി നില്‍ക്കുകയാണ്. എന്നാല്‍ അത് ഉള്‍ക്കൊള്ളാന്‍ തയ്യാറാകാതെ പരസ്യമായും രഹസ്യമായുമൊക്കെ ഗ്രൂപ്പ് യോഗങ്ങള്‍ വിളിച്ചും പരസ്യമായി വിഴുപ്പലക്കിയും പൊതുജനമധ്യത്തില്‍ കൂടുതല്‍ അപഹാസ്യരാകുന്ന നേതാക്കളുടെ ഉദ്ദേശമെന്താണ്?

മാധ്യമങ്ങളോട് എന്ത് പറയണം, പാര്‍ട്ടി വേദിയില്‍ എന്ത് പറയണമെന്ന തിരിച്ചറിവ് പോലുമില്ലാത്തവരോട് സഹതപിക്കാന്‍ മാത്രമെ സാധിക്കുകയുള്ളു. നിങ്ങളുടെ ഈ അധ:പതനത്തിനുള്ള മറുപടിയാണ് ജനം തന്നത്. എന്നാല്‍ ‘എന്നെ തല്ലണ്ടമ്മാ ഞാന്‍ നന്നാവൂല’ എന്ന സന്ദേശമാണ് നിങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഇനിയും അവരെ കൊണ്ട് തല്ലിക്കാതെ സ്വയം ഒരു കുഴിയെടുത്ത് മൂടുന്നതാകും നല്ലത്. അല്ല… അതാണല്ലോ ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത്.

Related posts

Leave a Comment