ന്യൂഡല്‍ഹി: അംബാലയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ റഫേല്‍ സൈനികവിഭാഗത്തിലേക്ക് ആദ്യ വനിത യുദ്ധപൈലറ്റിനെ നിയമിക്കാനൊരുങ്ങുന്നു. നിലവില്‍ വ്യോമസേനയിലുള്ള 10 മികച്ച വനിത യുദ്ധ പൈലറ്റുമാരിലൊരാള്‍ ഇതുമായി ബന്ധപ്പെട്ട പരിശീലനത്തിലാണെന്ന് ഒരു ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു. 17 സ്‌ക്വാഡ്രണില്‍ റഫേല്‍ ജെറ്റുകള്‍ പറത്തുന്ന ചുമതലയും ഉടനെ തന്നെ ഇവര്‍ക്ക് ലഭിക്കും. സെപ്തംബര്‍ ഒമ്ബതിനാണ് വ്യോമസേനയിലെ ആദ്യ അഞ്ച് റഫേല്‍ വിമാനങ്ങളെ അംബാലയിലെ ഗോള്‍ഡന്‍ ആരോ സ്‌ക്വാഡ്രന്റെ ഭാഗമാക്കിയത്. ഒക്ടോബര്‍, നവംബര്‍ മാസത്തോടെ കൂടുതല്‍ റഫേല്‍ വിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമാകും. 2021 അവസാനത്തോടെ 36 റഫേലുകള്‍ വ്യോമസേനയിലുണ്ടാകും.
വ്യോമസേനയുടെ മികച്ച യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെ പറത്തിയിട്ടുള്ള വ്യക്തിയാണ് ആദ്യ വനിത പൈലറ്റ് എന്നാണ് വിവരം. ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യോമസേന പുറത്ത് വിട്ടിട്ടില്ല. മുഴുവന്‍ സമയ ഫൈറ്റര്‍ ട്രെയിനിംഗ് കോഴ്‌സുകള്‍ ഇവര്‍ക്ക് ലഭ്യമാക്കുന്നതായി വിവരമുണ്ട്. വ്യോമസേനയുടെ ആദ്യ 10 വനിത പൈലറ്റുമാര്‍ സു-30 എം.കെ.ഐ, മിഗ്-29 യുപിജി തുടങ്ങിയവയില്‍ പ്രാഗത്ഭ്യം നേടിയവരാണ്. ഫ്‌ളൈറ്റ് ലെഫ്.ആവണി ചതുര്‍വേദി, ഫ്‌ളൈറ്റ് ലെഫ്.ഭാവന കാന്ത്, ഫ്‌ളൈറ്റ് ലെഫ്.മോഹന സിംഗ് എന്നിവരാണ് വ്യോമസേനയിലെ ആദ്യ വനിത യുദ്ധ പൈലറ്റുമാര്‍. 2016ലാണ് ഇവര്‍ വനിത യുദ്ധ പൈലറ്റുമാരാകുന്നത്. അതേ വര്‍ഷമാണ് കേന്ദ്രസര്‍ക്കാര്‍ യുദ്ധവിമാനങ്ങള്‍ പറത്തുന്നതിനായി സ്ത്രീകളെയും അനുവദിച്ചത്.