മൂന്നാര്‍: മണ്ണിടിച്ചിലുണ്ടായ രാജമല പെട്ടിമുടിയില്‍ കാണാതായ അഞ്ച് പേരുടെ മൃതദേഹംകൂടി കണ്ടെത്തിയാതായി റിപ്പോര്‍ട്ട്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി. കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് രാവിലെ പുനരാരംഭിച്ചു. അപകടം നടന്നു ഒരു ദിവസം പിന്നിടുന്നതിനാല്‍ തന്നെ ജീവനോടെ ആളുകളെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷ ഏറെക്കുറെ അസ്തമിച്ച അവസ്ഥയാണ്. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തുന്നത്. കണക്കുകള്‍ അനുസരിച്ചു ഇനിയും 50 ഓളം പേരെ കണ്ടെത്താനുണ്ടെന്നാണ് റിപ്പോര്‍ട്ട്. രാവിലെ തന്നെ തിരച്ചില്‍ പുനരാരംഭിച്ചിട്ടുണ്ടെങ്കിലും ശക്ത മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ തിരച്ചിലിനെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് വെള്ളിയാഴ്ച അര്‍ധരാത്രിയോടു കൂടി തിരച്ചില്‍ നിര്‍ത്തിവെച്ചത്. പ്രദേശത്ത് കനത്ത മഴയും മൂടല്‍ മഞ്ഞും അനുഭവപ്പെട്ടിരുന്നു. കാഴ്ച തടസ്സപ്പെട്ടതോടെ തിരച്ചില്‍ നിര്‍ത്തി വെക്കാന്‍ തീരുമാനിക്കുകയായിരുന്നു.
രാജമല ദുരന്തം: മരണം 22 ആയി; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു
