തിരുവനന്തപുരം: മണ്ണിടിച്ചിലുണ്ടായ രാജമലയില്‍ നിന്ന് സാദ്ധ്യമായാല്‍ എയര്‍ലിഫ്‌റ്റിംഗ് ആലോചിക്കുകയാണെന്ന് സംസ്ഥാന സര്‍ക്കാര്‍. കാലാവസ്ഥ അനുകൂലമായാല്‍ എയര്‍ലിഫ്റ്റിംഗ് നടത്തും. നിലവില്‍ അവിടെ രക്ഷാപ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. രാജമലയിലേക്ക് രക്ഷാ പ്രവര്‍ത്തനത്തിന് ഹെലികോപ്റ്റര്‍ സേവനം ലഭ്യമാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വ്യോമ സേനയുമായി ബന്ധപ്പെേട്ടിട്ടുണ്ട്. ഹെലികോപ്റ്റര്‍ ഉടന്‍ ലഭ്യമാവുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
രാജമലയ്ക്കടുത്തുള്ള പെട്ടിമുടി എന്ന പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്. രണ്ട് ലയങ്ങള്‍ക്ക് മേലാണ് മണ്ണിടിഞ്ഞ് വീണതെന്നാണ് വിവരം. ഇരവികുളം നാഷണല്‍ പാര്‍ക്ക് അവസാനിക്കുകയും ഇടമലക്കുടി തുടങ്ങുകയും ചെയ്യുന്ന മേഖലയിലാണ് അപകടമുണ്ടായിട്ടുള്ളത്. എത്ര പേര്‍ അപകടത്തില്‍പ്പെട്ടു എന്നതില്‍ വ്യക്തതയില്ല. അഞ്ച് മൃതദേഹങ്ങള്‍ ഇവിടെ നിന്ന് കണ്ടെടുത്തതായാണ് വിവരം.
രണ്ട് വാഹനങ്ങളിലായി പത്ത് പേരെ പരിക്കേറ്റ നിലയില്‍ മൂന്നാറിലെ ടാറ്റാ ആശുപത്രിയിലേക്ക് രാജമലയില്‍ നിന്ന് എത്തിച്ചിട്ടുണ്ട്. അവരുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണ്. തമിഴ്തോട്ടം തൊഴിലാളികള്‍ കൂട്ടത്തോടെ താമസിക്കുന്ന പ്രദേശമാണിത്. മൂന്നാറില്‍ നിന്ന് ഏതാണ്ട് 20 കിലോമീറ്റര്‍ ദൂരം മാത്രമേ ഇവിടേയ്ക്ക് ഉള്ളൂ. മൊബൈല്‍ ഫോണ്‍ ടവറുകള്‍ കഴിഞ്ഞ ജനുവരിയില്‍ മാത്രമാണ് അവിടെ എത്തിയത്. ഇതും തകര്‍ന്നതായാണ് വിവരം. ലാന്‍ഡ് ലൈനുകളും പ്രവര്‍ത്തിക്കുന്നില്ല. താത്ക്കാലികമായി ജനറേറ്ററുകളടക്കം സാമഗ്രികളുമായാണ് അവിടേക്ക് രക്ഷാദൗത്യസംഘം പുറപ്പെട്ടിരിക്കുന്നത്.