കര്‍ണാടകയില്‍ രണ്ട് വയസ്സുകാരന്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ദളിത് കുടുംബത്തിന് പിഴ ചുമത്തിയ സംഭവത്തില്‍ തുക ഈടാക്കില്ലെന്ന് സമുദായ നേതാക്കള്‍. കര്‍ണാടകയിലെ മിയാപൂര്‍ ഗ്രാമത്തില്‍ സെപ്റ്റംബര്‍ നാലിന് ആണ് അച്ഛന്‍്റെ കണ്ണ് വെട്ടിച്ച് രണ്ട് വയസുകാരന്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചത്. ദലിതര്‍ പ്രവേശിച്ച് അശുദ്ധമാക്കിയ ക്ഷേത്രത്തില്‍ ശുദ്ധികലശം നടത്തണം എന്നാവശ്യപ്പെട്ട് ആണ് ഉയര്‍ന്ന ജാതിയില്‍ പെട്ട ചിലര്‍ കുടുംബത്തോട് ഇരുപത്തി അയ്യായിരം രൂപ പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടത്.
നിയമ നടപടിയുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ല എന്നാണ് പൊലീസിനോട് കുടുംബം പറഞ്ഞത്. സമുദായ നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചയില്‍ പിഴ ചുമത്തിയ നടപടിയില്‍ ലിംഗായത്ത് നേതാക്കള്‍ ഖേദം പ്രകടിപ്പിച്ചു. തങ്ങളുടെ അറിവോടെ അല്ല പിഴ ചുമത്തിയ നടപടി ഉണ്ടായതെന്നും ഏതാനും ചിലരുടെ തീരുമാനം ആയിരുന്നു ഇതെന്നുമാണ് ലിംഗായത് നേതാക്കള്‍ അറിയിച്ചത്.
സെപ്റ്റംബര്‍ നാലിനായിരുന്നു ചെന്നദാസാ വിഭാഗത്തില്‍ പെട്ട രണ്ട് വയസ്സുകാരന്‍ ക്ഷേത്രത്തിന് അകത്ത് കയറിയത്. കുട്ടിയുടെ ജന്മ ദിനം ആയതിനാല്‍ പുറത്ത് നിന്ന് പ്രാര്‍ത്ഥിക്കാന്‍ ആണ് രണ്ട് വയസുകാരനെയും കൂട്ടി പിതാവ് ക്ഷേത്രത്തില്‍ എത്തിയത്. ദളിത് വിഭാഗത്തില്‍ പെട്ട കുട്ടി കയറിയതിനെ തുടര്‍ന്ന് ക്ഷേത്രത്തില്‍ ശുദ്ധികലശം ചെയ്യാന്‍ ആണ് 25000 രൂപ കുടുംബത്തിന് തദ്ദേശീയരായ ഉയര്‍ന്ന ജാതിക്കാരായ ക്ഷേത്രം ഭാരവാഹികള്‍ സെപ്റ്റംബര്‍ പതിനൊന്നിന് യോഗം ചേര്‍ന്ന് ചുമത്തിയത്.
പൊലീസ് വിഷയത്തില്‍ ഇടപെട്ടു എങ്കിലും പരാതി നല്‍കാന്‍ കുടുംബം തയ്യാറായില്ല. ലീംഗായത് സമുദായത്തിന് വലിയ സ്വാധീനമുള്ള കോപ്പല്‍ ജില്ലയില്‍ മുപ്പത് ദളിത് കുടുംബങ്ങള്‍ മാത്രമാണു ഉള്ളത്