രണ്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഗ്രീന്‍ സോണില്‍ നിന്ന് കോട്ടയം ഓറഞ്ച് സോണിലേക്കു മാറി; നിയന്ത്രണങ്ങള്‍ ഏറി; നഗരസഭയിലെ 4 വാര്‍ഡുകള്‍ ഹോട്സ്പോട്ട്

കോട്ടയം: രണ്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഗ്രീന്‍ സോണില്‍ നിന്ന് ഓറഞ്ച് സോണിലേക്കു മാറി. നിയന്ത്രണങ്ങള്‍ ഏറി. കോവിഡ് രോഗികളുടെ സമ്ബര്‍ക്കപ്പട്ടിക കണ്ടെത്താനുള്ള ശ്രമം ആരോഗ്യ വകുപ്പ് ആരംഭിച്ചു. ഒരാള്‍ കോട്ടയം മാര്‍ക്കറ്റിലെ തൊഴിലാളിയാണ്.

മാര്‍ക്കറ്റിലെ മുഴുവന്‍ ചുമട്ടു തൊഴിലാളികളുടെയും സ്രവ സാംപിള്‍ പരിശോധിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇരുവര്‍ക്കും എവിടെ നിന്നു രോഗം പകര്‍ന്നെന്നു കണ്ടെത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജേക്കബ് വര്‍ഗീസ് പറഞ്ഞു.

ജില്ലയില്‍ പൊലീസ് പരിശോധന കര്‍ശനമാക്കി. നിര്‍ദേശങ്ങള്‍ പാലിക്കാതെ യാത്ര ചെയ്താല്‍ കേസെടുക്കും. പിഴ ഈടാക്കുമെന്നും പൊലീസ് അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ച തൊഴിലാളി ഇന്നലെയും കോട്ടയം മാര്‍ക്കറ്റില്‍ വന്നിരുന്നു. കൂടെയുള്ള എട്ടു പേരുടെ സാംപിള്‍ പരിശോധിച്ചെങ്കിലും ആര്‍ക്കും രോഗമില്ല.

പനച്ചിക്കാട്ടുള്ള പുരുഷ നഴ്സ് സുഹൃത്തിനൊപ്പമാണ് കാറില്‍ തിരുവനന്തപുരത്തു നിന്ന് കോട്ടയത്ത് എത്തിയത്. കോട്ടയം സ്വദേശിയായ ഈ സുഹൃത്തും നിരീക്ഷണത്തിലായി. സ്രവ സാംപിള്‍ ശേഖരിച്ചു. കോട്ടയം മാര്‍ക്കറ്റ് ഉള്‍പ്പെട്ട ഭാഗമെന്ന നിലയിലാണ് നഗരസഭയിലെ 4 വാര്‍ഡുകള്‍ ഹോട്സ്പോട്ടായത്.

തൊഴിലാളിയുടെ വീട് വിജയപുരം പഞ്ചായത്തിലാണ്. നഴ്സിന്റെ വീട് പനച്ചിക്കാട്ടും. ഇരു പഞ്ചായത്തുകളും ഹോട്സ്പോട്ടായി. ഇവരുടെ സമ്ബര്‍ക്കപ്പട്ടികയില്‍ ഉള്ളവര്‍ക്ക് രോഗ ബാധയില്ലെന്നു സ്ഥിരീകരിച്ചാലേ ഹോട്സ്പോട്ട് സ്ഥാനം മാറുകയുള്ളൂ. ജില്ലയില്‍ മുമ്ബ് 3 പേര്‍ക്കാണ് കോവിഡ് രോഗം ബാധിച്ചത്.

Related posts

Leave a Comment