രണ്ടുതവണയും പാമ്പു കടിയേറ്റത് സൂരജ് ഒപ്പമുണ്ടായിരുന്നപ്പോള്‍ ; രണ്ടു തവണയും ഉത്ര എന്തുകൊണ്ട് അറിഞ്ഞില്ല? ; യുവതിയുടെ മാതാപിതാക്കളുടെ ഈ സംശയങ്ങള്‍ വഴിത്തിരിവായി

അഞ്ചല്‍: പാമ്പുകടിയേറ്റ് ചികിത്‌സയില്‍ കഴിയുമ്പോള്‍ വീണ്ടും പാമ്പു കടിയേറ്റ് യുവതി മരിച്ച സംഭവത്തില്‍ നിര്‍ണ്ണായകമായ വഴിത്തിരിവിലേക്ക് നയിച്ചത് മാതാപിതാക്കള്‍ക്ക് സൂരജില്‍ ഉണ്ടായ സംശയങ്ങള്‍. മകളുടെ സംസ്‌ക്കാര ചടങ്ങിന് പിന്നാലെ അവര്‍ പരാതിയുമായി പോലീസില്‍ എത്തിയതോടെ കേരളം ഞെട്ടിയ ഒരു നിര്‍ണ്ണായക കൊലപാതകത്തിന്റെ വിശദാംശങ്ങളിലേക്ക്.

സൂരജ് ഒപ്പമുണ്ടായിരുന്നപ്പോഴായിരുന്നു രണ്ടു തവണയും ഭാര്യയ്ക്ക് പാമ്പുകടി ഏല്‍ക്കുന്നത്. രണ്ടുതവണ പാമ്പുകടിയേറ്റിട്ടും ഉത്ര അത് അറിയാതെ പോയി എന്നതായിരുന്നു ഭര്‍ത്താവ് സൂരജിന്റെ ആസൂത്രണത്തിലേക്ക് ഉത്രയുടെ മാതാപിതാക്കളെ എത്തിച്ച ആദ്യ സംശയം. വിഷപാമ്പ് കടിച്ചാല്‍ കടുത്ത വേദന, തരിപ്പ്, കഴപ്പ് ഇവയില്‍ എന്തെങ്കിലൂം അനുഭവപ്പെടാറുണ്ട്. എന്നാല്‍ ഇതൊന്നും തോന്നാതിരുന്നു എന്നത് ഒന്നുകില്‍ അബോധാവസ്ഥ, അല്ലെങ്കില്‍ ആസൂത്രണം എന്ന രീതിയിലായി കാര്യങ്ങള്‍.

മരണമറിഞ്ഞ ശേഷമുള്ള സൂരജിന്റെ പെരുമാറ്റമായിരുന്നു മറ്റൊന്ന്. സാധാരണ ഏഴു മണിക്ക് ശേഷം മാത്രം എഴുന്നേല്‍ക്കുമായിരുന്ന സൂരജ് മരണദിവസം പതിവിലും നേരത്തേ എഴൂന്നേറ്റ് പ്രഭാതകൃത്യങ്ങള്‍ക്കായി മുറിക്കു പുറത്തിറങ്ങി. ചായയുമായി എത്തിയ മണിമേഖലയാണു മകളെ അബോധാവസ്ഥയില്‍ കണ്ടത്. നിലവിളി കേട്ട് പിതാവ് വിജയസേനനും ഉത്രയുടെ സഹോദരന്‍ വിഷ്ണുവും ഓടിയെത്തി. സൂരജ് വന്നത് സാവധാനമായിരുന്നു. ഉത്ര മരിച്ചദിവസം അടൂരില്‍ നിന്ന് ഏറത്തെ വീട്ടിലെത്തിയ സൂരജിന്റെ പക്കല്‍ വലിയ ബാഗ് ഉണ്ടായിരുന്നെന്നും അതില്‍ പാമ്പുണ്ടായിരുന്നെന്നു സംശയിക്കുന്നതായി ബന്ധുക്കള്‍ പോലീസിനെ അറിയിച്ചിരുന്നു.

ഭാര്യ ചലനമറ്റു കിടക്കുന്ന വിവരം സൂരജ് അറിയാതിരുന്നതും മരണശേഷം സൂരജിന്റെ പെരുമാറ്റവും സംശകരമായിരുന്നു. സൂരജ് മികച്ച അഭിനേതാവായിരുന്നു എന്നും തെളിവെടുപ്പിന് കൊണ്ടുവരുന്നതിനേക്കാളും മികച്ച അഭിനയമാണ് ഭാര്യ മരിച്ച ദിവസം കാട്ടിയതെന്നുമാണ് മാതാപിതാക്കളുടെ പ്രതികരണം.

ഉത്രയെ കൊല്ലാനുള്ള ആദ്യ ശ്രമത്തിന്റെ ഭാഗമായി കൊണ്ടുവന്ന പാമ്പിനെ ഫെബ്രുവരി 26 ന് പടിക്കെട്ടില്‍ കണ്ടപ്പോള്‍ മികച്ച ഒരു പാമ്പ് ആട്ടിയുടെ വഴക്കത്തോടെ ആയിരുന്നു സൂരജ് അണലിയെ കൈകാര്യം ചെയ്തത്. അതിനെ പിടികൂടി ചാക്കിലാക്കി പുറത്ത് കൊണ്ടുപോയി.

ഉത്ര മരിച്ചതിന്റെ തലേ രാത്രി 10.30 യോടെ മുറിയുടെ ജനാല മാതാവ് മണിമേഖല അടച്ചു കുറ്റിയിട്ടിരുന്നു. എന്നാല്‍ സൂരജ് നല്‍കിയ മൊഴി പുലര്‍ച്ചെ മൂന്ന് മണിക്ക് ജനാല അടച്ചു താന്‍ കുറ്റിയിട്ടെന്നായിരുന്നു.

ഉത്രയുടെ മരണശേഷം ലോക്കറില്‍ സൂക്ഷിച്ചിരിക്കുന്ന ആഭരണങ്ങള്‍ വില്‍ക്കണമെന്ന് പറഞ്ഞപ്പോള്‍ സൂരജ് എതിര്‍ത്തു. അതേസമയം ഉത്ര മരിച്ച ദിവസത്തെ പകല്‍ ഭാര്യ അറിയാതെ സൂരജ് തന്റെയും ഭാര്യയുടേയും ജോയന്റ് അക്കൗണ്ടിലുള്ള ലോക്കര്‍ തുറക്കാന്‍ മാര്‍ച്ച്‌ 2 ന് ബാങ്കിലെത്തി. അന്നുരാത്രി ഉത്ര മരണമടയുകയും ചെയ്തു. ലോക്കറിലിരിക്കുന്ന സ്വര്‍ണം തിരികെ നല്‍കണമെന്നു സൂരജിനോട് ആവശ്യപ്പെട്ടതോടെ തങ്ങള്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കിയെന്നാണ് ഉത്രയുടെ മാതാവ് മണിമേഖല പിന്നീട് പറഞ്ഞത്.

വന്‍ സ്ത്രീധനത്തിന് പുറമേ രണ്ടുവര്‍ഷത്തിനിടെ 15 ലക്ഷത്തോളം രൂപയാണു മകളുടെ ഭര്‍തൃവീട്ടുകാര്‍ക്കു നല്‍കിയതെന്നാണ് ഉത്രയുടെ പിതാവ് വിജയസേനന്‍ പറഞ്ഞത്. സ്ത്രീധനമായി അഞ്ചുലക്ഷം രൂപയും 96 പവന്‍ സ്വര്‍ണാഭരണവും നല്‍കിയാണ് ഉത്രയെ സൂരജിന് വിവാഹം ചെയ്തു കൊടുത്തത്. സൂരജ് ആവശ്യപ്പെട്ടത് അനുസരിച്ച്‌ പുത്തന്‍ ബലേനോ കാറും നല്‍കി.

മൂന്നേക്കര്‍ റബര്‍ത്തോട്ടം ഉള്‍പ്പെടെയുള്ള വസ്തുക്കളും മകള്‍ക്കായി കരുതിയിരുന്നു. സൂരജിന്റെ പിതാവിന് മൂന്നേകാല്‍ ലക്ഷം രൂപ മുടക്കി പിക്‌അപ്പ് ഓട്ടോ വാങ്ങിനല്‍കി. സഹോദരിയുടെ പഠനത്തിനു സാമ്പത്തിക സഹായം ചെയ്തു. അഞ്ചല്‍ ഏറത്ത് തന്റെ ഉടമസ്ഥതയിലുള്ള കടയുടെ വാടകയിനത്തില്‍ ലഭിക്കുന്ന 8000 രൂപ എല്ലാ മാസവും മകളുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചു.
സ്വകാര്യ ബാങ്കിങ് സ്ഥാപനത്തിലെ വാഹനവായ്പ്പകള്‍ തിരിച്ചുപിടിക്കുന്ന ഗുണ്ടകളിലൊരാളാണു സൂരജെന്നു നാലുമാസം മുമ്ബാണ് അറിഞ്ഞത്. മകളുടെയും കുഞ്ഞിന്റെയും ഭാവിയോര്‍ത്താണു യാതൊരു പരാതിയും പറയാതെ സാമ്പത്തികസഹായം നല്‍കിയത്. എന്നിട്ടും മകള്‍ക്ക് ഈ ഗതി വന്നു. സൂരജിനു പരസ്ത്രീ ബന്ധമുള്ളതായി സംശയമുണ്ടെന്നും ഉത്രയുടെ സ്വത്തുക്കള്‍ കുഞ്ഞിന്റെ പേരിലായാല്‍ തനിക്ക് അനുഭവിക്കാമെന്നായിരുന്നു സൂരജിന്റെ കണക്കുകൂട്ടലെന്നും വിജയസേനന്‍ ആരോപിച്ചു. സാധാരണക്കാരില്‍നിന്നു ഭിന്നമായി പ്രവൃത്തികളില്‍ മകള്‍ക്കു വേഗക്കുറവുണ്ടായിരുന്നു. വിവാഹസമയത്ത് ഇക്കാര്യം സൂരജിനെയും രക്ഷിതാക്കളെയും അറിയിച്ചായിരുന്നു വിവാഹം നടത്തിയതെന്നും പിതാവ് പറയുന്നു.

രണ്ടാംതവണ കൊല്ലാന്‍ കൊണ്ടുവന്ന കരിമൂര്‍ഖനെ പ്ലാസ്റ്റിക് ജാറിലാക്കി ഉത്രയുടെ അഞ്ചലിലെ വീട്ടില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നെന്നു സൂരജ് വെളിപ്പെടുത്തി. രാത്രി എല്ലാവരും ഉറങ്ങിയതോടെ, ജാര്‍ തുറന്ന് പാമ്പിനെ ഉത്രയുടെ ദേഹത്തു കുടഞ്ഞിട്ടു. ഈസമയം ഒന്നരവയസുള്ള കുഞ്ഞും ഉത്രയ്‌ക്കൊപ്പം ഉറങ്ങുകയായിരുന്നു. തുടര്‍ന്ന്, െടെലിട്ട തറയില്‍ ഇഴയാന്‍ വിഷമിച്ച പാമ്പിനെ അലമാരയുടെ അടിയില്‍ ഒളിപ്പിച്ചു. പിന്നീട് കിടക്കയിലിരുന്ന് ഭാര്യയുടെ മരണവെപ്രാളത്തിനു സാക്ഷ്യം വഹിച്ചു.

പാമ്പു കടിയേറ്റാണു മരണമെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചതോടെ, മടങ്ങിയെത്തിയ സൂരജും വിഷ്ണുവും ചേര്‍ന്ന് മുറി പരിശോധിച്ചു. വിഷ്ണുവാണ് അലമാരയുടെ അടിയില്‍ പാമ്പിനെ കണ്ടെത്തിയത്. തുടര്‍ന്ന്, മണ്ണെണ്ണയൊഴിച്ച്‌ പുറത്തുചാടിച്ചശേഷം അടിച്ചുകൊന്നു. അഞ്ചല്‍ പോലീസ് പരാതി അന്വേഷിക്കുന്നതിനിടെ, മരണത്തിനു പിന്നില്‍ ഉത്രയുടെ സഹോദരനാണെന്ന് ആരോപിച്ച്‌ കൊല്ലം റൂറല്‍ എസ്.പി: എസ്. ഹരിശങ്കറിനു സൂരജ് പരാതി നല്‍കി. ഇതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയത്

Related posts

Leave a Comment