ന്യൂഡല്‍ഹി: രാജ്യത്ത് രണ്ടാമത്തെ മെയ്ഡ് ഇന്‍ ഇന്ത്യ വാക്സിനെത്തുന്നു. ഹൈദരാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ബയോളജിക്കല്‍ ഇ എന്ന കമ്ബനിയുടെ കോവിഡ് വാക്സിനാണ് വിതരണത്തിനെത്തുന്നത്. വാക്സിന്റെ 30 കോടി ഡോസ് കേന്ദ്രസര്‍ക്കാര്‍ ബുക്ക് ചെയ്തു. ഇതിനായി 1500 കോടി രൂപ സര്‍ക്കാര്‍ കമ്ബനിക്ക് കൈമാറിയെന്നാണ് റിപ്പോര്‍ട്ട്. ഭാരത് ബയോടെകിന്റെ കോവാക്സിന് ശേഷം പൂര്‍ണമായും ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത വാക്സിനാണിത്.
ആഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെയുള്ള കാലയവളില്‍ കമ്ബനി വാക്സിന് നിര്‍മിച്ച് കേന്ദ്രസര്‍ക്കാറിന് കൈമാറുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത ഏതാനം മാസങ്ങള്‍ക്കുള്ളില്‍ വാക്സിന് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയും അറിയിച്ചു. വാക്സിന് നയത്തില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാറിന്റെ പുതിയ നീക്കം.
നിലവില്‍ മൂന്ന് വാക്സിനുകള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡ്, ഭാരത് ബയോടെകിന്റെ കോവാക്സിന്, റഷ്യന്‍ വാക്സിനായ സ്പുട്നിക് എന്നി വാക്സിനുകളാണ് ഇന്ത്യയില്‍ വിതരണം ചെയ്യുന്നത്. ഫൈസര്‍ ഉള്‍പ്പടെയുള്ള വിദേശ വാക്സിന് നിര്‍മാതാക്കളും കേന്ദ്രസര്‍ക്കാറിനെ സമീപിച്ചിട്ടുണ്ട്