ന്യൂഡല്‍ഹി :ഉ ക്രയ്നില്‍നിന്നുള്ള രക്ഷാദൗത്യം അവസാനിപ്പിക്കുന്നതിന്റെ സൂചനയുമായി ഇന്ത്യന്‍ എംബസികള്‍.
മലയാളികള് അടക്കം ആയിരത്തിലേറെ ഇന്ത്യക്കാര് യുദ്ധഭൂമയില് കുടുങ്ങിക്കിടക്കവെയാണ് കേന്ദ്രതീരുമാനം. റഷ്യന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഉക്രയ്നിലെ സുമിയില്‍ രക്ഷാദൗത്യം അനിശ്ചിതത്വത്തിലായതോടെ 707 ഇന്ത്യക്കാര്‍ യുദ്ധമുഖത്ത് കുടുങ്ങിയിരിക്കുകയാണ്. ഇവരില് ഭൂരിഭാഗവും വിദ്യാര്‍ഥികളാണ്. ഖാര്‍കിവില്‍നിന്നും പിസോച്ചിനില്‍നിന്നും ഇന്ത്യക്കാരെ മിക്കവാറും പൂര്‍ണമായി ഒഴിപ്പിച്ചെന്ന് വിദേശമന്ത്രാലയം അവകാശപ്പെട്ടു. ഓപ്പറേഷന്‍ ഗംഗ അവസാന ഘട്ടത്തില്‍ എത്തിയതായും ഉക്രയ്നില്‍ ഇപ്പോഴും തങ്ങുന്ന ഇന്ത്യക്കാര്‍ ഞായര്‍ രാത്രിയോടെ ബുഡാപെസ്റ്റില്‍ എത്തണമെന്നും ഹംഗറിയിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു. ഉക്രയ്നിലുള്ള ഇന്ത്യക്കാര്‍ക്ക് പൂരിപ്പിക്കുന്നതിനായി പ്രത്യേക ഗൂഗിള്‍ ഫോം ഹംഗറിയിലെയും ഉക്രയ്നിലെയും ഇന്ത്യന്‍ എംബസികള്‍ ട്വിറ്ററില്‍ പങ്കുവച്ചു. ഉടന്‍ ഫോം പൂരിപ്പിച്ച് സമര്‍പ്പിക്കണം.
സുമിയില് ഇന്ത്യന് സഹായം കിട്ടാത്ത മലയാളികള് അടക്കമുള്ള വിദ്യാര്ഥികള് രണ്ടും കല്‍പ്പിച്ച് അതിര്ത്തിയിലേക്ക് നടക്കാന്‍ തീരുമാനിച്ചെന്ന് കഴിഞ്ഞദിവസം വീഡിയോ സന്ദേശത്തില്‍ പറഞ്ഞിരുന്നു. 50 കിലോമീറ്ററില്‍ താഴെമാത്രം ദൂരമുള്ള റഷ്യന്‍ അതിര്‍ത്തിയിലേക്ക് ഇവരെ എത്തിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
രണ്ടാം വെടിനിര്ത്തലും നിഷ്ഫലം
ഉക്രയ്നില്‍ ഞായറാഴ്ച പ്രഖ്യാപിച്ച രണ്ടാം ഘട്ട വെടിനിര്‍ത്തലും നിഷ്ഫലം. റഷ്യന്‍ സമയം രാവിലെ 10 മുതല്‍ രാത്രി ഒമ്ബതുവരെയായിരുന്നു മരിയുപോള്‍, വോള്‍നോവാഖ എന്നിവിടങ്ങളില്‍ വീണ്ടും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ഷെല്‍ ആക്രമണം തുടര്‍ന്നതോടെ ഒഴിപ്പിക്കല്‍ നിര്‍ത്തിവച്ചതായി ഉക്രയ്ന്‍ അറിയിച്ചു. ശനിയാഴ്ചയും ഒഴിപ്പിക്കല്‍ നടന്നിരുന്നില്ല. രണ്ട് ലക്ഷത്തോളം പേരാണ് മരിയുപോളില്‍ കുടുങ്ങിയത്.