യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവം: മുഖ്യമന്ത്രിയുടെ ഗണ്‍മാനും സുരക്ഷാ ഉദ്യോഗസ്ഥനും ഹാജരാകാന്‍ നോട്ടീസ്

ആലപ്പുഴ: ആലപ്പുഴയില്‍ നവകേരള സദസ്സിനിടെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാനും സുരക്ഷാ ദ്യോഗസ്ഥനുമടക്കം നാല് പേര്‍ക്ക് നോട്ടീസ്.

തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച്‌ ആലപ്പുഴ സൗത്ത് പോലീസ് ആണ് നോട്ടീസ് അയച്ചിരിക്കുന്നത്.

ഗണ്‍മാന്‍ അനില്‍കുമാര്‍ ആണ് കേസില്‍ ഒന്നാം പ്രതി. രണ്ടാം പ്രതി സുരക്ഷാ ഉദ്യോഗസ്ഥന്‍ എസ്. സന്ദീപിനും അന്നേദിവസം ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

കണ്ടാലറിയാവുന്ന രണ്ട് സുരക്ഷാ ദ്യോഗസ്ഥരാണ് മൂന്നും നാലും പ്രതികള്‍. സ്‌റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച പ്രവര്‍ത്തകരെ സുരക്ഷാ വാഹനത്തില്‍ നിന്നിറങ്ങിയാണ് ഗണ്‍മാനും മറ്റും ചേര്‍ന്ന് മര്‍ദ്ദിച്ചത്.

പോലീസ് നോക്കി നില്‍ക്കേയായിരുന്നു മര്‍ദ്ദനം.

ഇതിനെതിരെ പരാതി നല്‍കിയിട്ടും പോലീസ് കേസെടുക്കാതെ വന്നതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോടതിയെ സമീപിക്കുകയും കേസെടുക്കാന്‍ ഒരു മാസം മുന്‍പ് കോടതി ഉത്തരവിടുകയുമായിരുന്നു.

Related posts

Leave a Comment