ബാറ്റ്കാസ്: അമേരിക്കയിലെ യൂടായില്‍ നിന്നും നിഗൂഢ ലോഹതൂണ്‍ അപ്രത്യക്ഷമായതിന് പിന്നാലെ സമാനമായ ലോഹത്തൂണ്‍ ഇപ്പോള്‍ റൊമാനിയയിലും കണ്ടെത്തി. യൂടായിലെ തൂണ്‍ അപ്രത്യക്ഷമായതിനു പിന്നാലെയാണ് റൊമാനിയയിലെ ബാറ്റ്കാസ് ഡോംനേയില്‍ സമാനമായ ലോഹത്തില്‍ തീര്‍ത്ത ഒറ്റത്തൂണ്‍ കണ്ടെത്തിയത്. കഴിഞ്ഞ നവംബര്‍ 18 നാണ് യൂട്ടാ മരുഭൂമിയില്‍ അജ്ഞാതമായൊരു ലോഹസ്തൂപം കണ്ടെത്തിയതായി യൂട്ടാ മരുഭൂമിയില്‍ മൃഗങ്ങളുടെ സര്‍വ്വേ എടുക്കുന്ന ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയത്. മരുഭൂമിയില്‍ എവിടെയാണ് ഇത് കണ്ടെത്തിയതെന്ന് മാത്രം ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിരുന്നില്ല. ലോഹസ്തൂപം കാണാനായി ഏറെ ആളുകള്‍ എത്തിചേരാന്‍ സാധ്യതയുള്ളതിനാലാണ് ഉദ്യോഗസ്ഥര്‍ സ്ഥലം വെളിപ്പെടുത്താതിരുന്നത്.
അതേസമയം തിരിച്ചറിയാന്‍ കഴിയാത്ത ചിലര്‍ ഒറ്റത്തൂണ്‍ യൂടായില്‍ നിന്ന് നീക്കം ചെയ്തു എന്നാണ് അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചത്. ഇത് ആരാണെന്നോ സ്ഥാപിച്ചവര്‍ ആരാണെന്നോ ഇനിയും വ്യക്തമായിട്ടില്ല. അന്യഗ്രഹ ജീവികള്‍ സ്ഥാപിച്ചതാവാമെന്ന അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍, ഇത് എന്താണെന്നോ എങ്ങനെയാണ് ഇവ സ്ഥാപിക്കപ്പെട്ടതെന്നോ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.
എന്നാല്‍ വിജനമായ പ്രദേശത്ത് അജ്ഞാതമായ ലോഹസ്തൂപം കണ്ടെത്തിയത് ഏറെ അത്ഭുതത്തോടെയാണ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തത്. ലോഹസ്തൂപം കണ്ടെത്തിയെന്ന വെളിപ്പെടുത്തലുണ്ടായി 48 മണിക്കൂറിനുള്ളില്‍ സാഹസികരായ സഞ്ചാരികള്‍ സ്തുപം കണ്ടെത്തി.
ഇതോടെ ഇന്‍സ്റ്റാഗ്രാം പോലുള്ള സമൂഹമാധ്യമങ്ങളില്‍ യൂട്ടയിലെ ലോഹസ്തൂപം തരംഗമായി മാറിയിരുന്നു. ഇതിനിടെയാണ് പെടുന്നനെ ലോഹസ്തൂപം കാണാനില്ലെന്ന് സ്ഥലം സന്ദര്‍ശിച്ച സഞ്ചാരികളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തത്. ഒറ്റ ദിവസം കൊണ്ടാണ് യൂടായിലെ ലോഹത്തൂണ്‍ അപ്രത്യക്ഷമായത്. വെള്ളിയാഴ്ച സ്ഥലം സന്ദര്‍ശിച്ചവര്‍ ഇത് കണ്ടിരുന്നു. എന്നാല്‍, ശനിയാഴ്ച ഇത് കാണാതായി.
തൂണ്‍ നിന്ന സ്ഥലത്ത് ത്രികോണാകൃതിയിയില്‍ ഒരു കുഴിയും കണ്ടെത്തി. ഇപ്പോള്‍ ഇതാ ഇവിടെ നിന്നും 6000 മൈല്‍ അകലെ തൂണ്‍ കണ്ടത്തിയത്. നേരത്തെ ഹെലികോപ്റ്ററില്‍ ആടുകളെ നോക്കിയിറങ്ങിയവരാണ് യൂടായില്‍ നിഗൂഢമായ ഒറ്റത്തൂണ്‍ കണ്ടെത്തിയത്. ഏകദേശം മൂന്നടി ഉയരമുള്ള ഇത് നിലത്തുറപ്പിച്ചിരിക്കുകയായിരുന്നു. ലോഹം കൊണ്ട് നിര്‍മ്മിച്ചതാണെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായി. എന്നാല്‍, ഏത് ലോഹമാണ് ഇതിന്‍റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നതെന്ന് ഇനിയും വ്യക്തമല്ല.