യു.ഡി.എഫിലെപ്പോലെ എല്‍.ഡി.എഫിലും പ്രശ്‌നങ്ങളെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം; വിവാദങ്ങള്‍ രാഷ്ട്രീയഗൂഢാലോചനയെന്ന് എ.കെ ശശീന്ദ്രന്‍

തിരുവനന്തപുരം: യു.ഡി.എഫില്‍ മാത്രമല്ല, എല്‍.ഡി.എഫിലും കലാപം ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായി എന്‍.സി.പി നേതാവും മന്ത്രിയുമായ എ.കെ ശശീന്ദ്രന്‍. സീറ്റ് തര്‍ക്കങ്ങള്‍ക്ക് പിന്നാലെ എന്‍.സി.പി ഇടതുമുന്നണിവിട്ട് യു.ഡി.എഫില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ തള്ളിയാണ് എ.കെ ശശീന്ദ്രന്‍ രംഗത്തെത്തിയിരിക്കുന്നത്.

തിളക്കമാര്‍ന്ന വിജയമാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനുണ്ടായത്. അത് യു.ഡി.എഫില്‍ കലഹങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. സമാനമായ പ്രശ്നങ്ങള്‍ എല്‍.ഡി.എഫിലും ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള രാഷ്ട്രീയ ലക്ഷ്യത്തോടുകൂടിയുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അത് മനസ്സിലാക്കിക്കൊണ്ടാണ് എന്‍.സി.പി നേതാക്കളും പ്രവര്‍ത്തിക്കുന്നതെന്ന് എകെ ശശീന്ദ്രന്‍ പ്രതികരിച്ചു.
കടന്നപ്പള്ളിയുടെ സ്വാഗതത്തോട് പരുഷമായി ഞാന്‍ നല്ല മറുപടി പറയുന്നില്ല. മാണി സി കാപ്പന്‍ അടര്‍ന്ന് മാറാന്‍ ഉദ്ദേശിക്കുന്നില്ല. മുന്നണി മാറാനും ഞങ്ങള്‍ക്ക് താല്‍പര്യമില്ല. ഒന്നിച്ചു നില്‍ക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഭാവി രാഷ്ട്രീയ ലൈന്‍ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ശശീന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ കാണും. നാളെ ഡല്‍ഹിയില്‍ പ്രഫുല്‍ പട്ടേലിനെകാണുന്ന ശശീന്ദ്രന്‍ മറ്റന്നാള്‍ മുംബൈയില്‍ ശരത് പവാറുമായി കൂടിക്കാഴ്ച്ച നടത്തും.

Related posts

Leave a Comment