യു.കെയിലെ ഖാലിസ്താന്‍ ലിബറേഷന്‍ ഫോഴ്‌സ് മേധാവി അവതാര്‍ സിംഗ് മരണമടഞ്ഞു; വിഷം ഉള്ളില്‍ ചെന്നതായും സൂചന

ലണ്ടന്‍: യു.കെയിലെ ഖാലിസ്താന്‍ ലിബറേഷന്‍ ഫോഴ്‌സ് നേതാവും അറസ്റ്റിലായ ഖാലിസ്താന്‍ തലവന്‍ അമൃത്പാല്‍ സിംഗിന്റെ കൂട്ടാളിയുമായ അവതാര്‍ സിംഗ് ഖണ്ട യു.കെയില്‍ മരണമടഞ്ഞതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

രക്താര്‍ബുദ്ദത്തെ തുടര്‍ന്നാണ് അന്ത്യമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നൂ. ബിര്‍മ്മിംഗ്ഹാം സിറ്റി ഹോസ്പിറ്റലിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ 12.45 ഓടെ അന്ത്യം സംഭവിച്ചത്.

ബുധനാഴ്ചയാണ് ഖണ്ടയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവശനിലയില്‍ ആയിരുന്ന ഖണ്ട വെന്റിലേറ്ററില്‍ ആയിരുന്നു. അര്‍ബുദം കടന്നാക്രമിച്ചതോടെ ഖണ്ടയുടെ ശരീരം പൂര്‍ണ്ണമായും മലീമസമായ നിലയിലായിരുന്നു.

വിഷം ഉള്ളില്‍ ചെന്നതാണോയെന്നും സംശയിക്കുന്നുണ്ട്. ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സി നല്‍കുന്ന സൂചനയാണിത്.

വാരീസ് പഞ്ചാബ് ഡെയുടെ മേധാവി ദീപ് സിദ്ധുവിന്റെ മരണത്തിനു പിന്നാലെ അമൃത്പാല്‍ സിംഗിനെ ആ സ്ഥാനത്തേക്ക് നിര്‍ദേശിച്ചത് അവതാര്‍ സിംഗ് ഖണ്ടയായിരുന്നു.

മാര്‍ച്ച്‌ 19ന് ലണ്ടനിലെ ഇന്ത്യന്‍ എംബസിയില്‍ സ്ഥാപിച്ചിരുന്ന ദേശീയപതാക വലിച്ചഴിച്ച സംഭവത്തില്‍ അവതാര്‍ സിംഗ് അറസ്റ്റിലായിട്ടുണ്ട്.

ഖാലിസ്താന്‍ പോരാട്ടത്തിന് സിഖ് യുവാക്കള്‍ക്ക് ഇയാള്‍ പരിശീലനം നല്‍കിയിരുന്നു. ബോംബുകള്‍ നിര്‍മ്മിക്കുന്നതും ഐഇഡി കൈകാര്യം ചെയ്യാനും ഇയാള്‍ പരിശീലിപ്പിച്ചിരുന്നു.

ഖാലിസ്താന്‍ ലിബറേഷന്‍ ഫോഴ്്സ് ഭീകരനായിരുന്ന കുല്‍കന്ത് സിംഗ് ഖുഖര്‍നയുടെ മകനാണ് അവതാര്‍ സിംഗ്. 1999ല്‍ ഏറ്റുമുട്ടലിലാണ് കുല്‍കന്ത് സിംഗ് കൊല്ലപ്പെട്ടത്.

അമൃത്പാല്‍ സിംഗിനെ ഏപ്രില്‍ 23ന് പഞ്ചാബിലെ മോഗ ജില്ലയില്‍ നിന്നാണ് പിടികൂടിയത്. ഇയാളുടെ അനുയായികളും പിടിയിലായിരുന്നു. നിരവധി ക്രിമിനല്‍ കേസുകള്‍ ഇവരുടെ പേരിലുണ്ട്.

കൊലപാതക ശ്രമം, സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചു, പോലീസിനെ ആക്രമിച്ചു, സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Related posts

Leave a Comment