യുവ ഡോക്ടറുടെ കൊലപാതകം: സി.ബി.ഐ കേസില്‍ പുരോഗതിയില്ല, കോടതിയെ സമീപിക്കാൻ പ്രതിഷേധക്കാര്‍

കൊല്‍ക്കത്ത: യുവ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ട സംഭവത്തെ തുടർന്ന് സമരം ചെയ്യുന്ന ഡോക്ടർമാർ കോടതിയിലേക്ക്.

കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ ഒരു വിവരവും പുറത്തുവിടാത്ത സാഹചര്യത്തില്‍ വിവരം ജനങ്ങളെ അറിയക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കുമെന്ന് പ്രതിഷേധക്കാർ വ്യക്തമാക്കി. അന്വേഷണം വേഗത്തിലാക്കി പ്രതികളെ പിടികൂടണമെന്നും വേഗത്തില്‍ വിചാരണ പൂർത്തിയാക്കി ശിക്ഷ നല്‍കണമെന്നും പ്രതിഷേധക്കാർ പറയുന്നു.

നിലവില്‍ നടക്കുന്നത് ശാന്തമായ സമരമാണെന്നും നിരോധനാജ്ഞ പിൻവലിക്കാൻ സർക്കാർ തയാറാകണമെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടു. 14നുണ്ടായ അക്രമം മെഡിക്കല്‍ വിദ്യാർഥികളോ സമരത്തിന്‍റെ ഭാഗമായ സംഘടനകളോ ചെയ്തതല്ല. സ്ഥാപിത താല്‍പര്യക്കാർ കരുതിക്കൂട്ടി നടത്തിയ അക്രമമാണ്. ഇപ്പോഴുള്ളതുപോലെ തന്നെ സമാധാനപരമായി സമരം തുടരാനാണ് തീരുമാനമെന്നും പ്രതിഷേധക്കാർ അറിയിച്ചു.

നേരത്തെ ആർ.ജി കർ മെഡിക്കല്‍ കോളജ് മുൻ പ്രിൻസിപ്പല്‍ സന്ദീപ് ഘോക്ഷിനെ സി.ബി.ഐ രണ്ട് തവണ ചോദ്യം ചെയ്തെങ്കിലും അറസ്റ്റ് നടപടികളിലേക്ക് കടന്നിട്ടില്ല. ഡോക്ടറുടെ മരണത്തില്‍ കൂടുതല്‍ പേർക്ക് പങ്കുണ്ടെന്നും, സംഭവത്തിനു പിന്നില്‍ ആശുപത്രി കേന്ദ്രീകരിച്ച്‌ പ്രവർത്തിച്ച റാക്കറ്റുണ്ടെന്നും കുടുംബം ആരോപിച്ചിരുന്നു. അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടാകാത്തതിനാല്‍ പ്രതിഷേധം കൂടുതല്‍ ശക്തമായേക്കും

Related posts

Leave a Comment