മാനന്തവാടി: യുവാവിനെതിരെ കള്ളക്കേസെടുത്ത മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്.
പീച്ചങ്കോട് സ്വദേശിയായ തട്ടാങ്കണ്ടി സാബിതിനെ കഞ്ചാവുപയോഗിച്ചെന്ന പേരില്‍ വെള്ളമുണ്ട പൊലീസ് രജിസ്റ്റര്‍ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് പൊലീസ് ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. വെള്ളമുണ്ട എസ്.എച്ച്.ഒ ഷജു ജോസഫ്, ഗ്രേഡ് എസ്.ഐ സുരേന്ദ്രന്, ഗ്രേഡ് എ.എസ്.ഐ മുഹമ്മദലി എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി രണ്ടിനാണ് സംഭവം.
ഹെല്‍മറ്റും മാസ്കും ധരിക്കാതെ ബൈക്കില്‍ യാത്രചെയ്ത യുവാവിനെ പിടികൂടിയ പൊലീസ് പിന്നീട് മയക്കുമരുന്ന് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്നാണ് പരാതി. തുടര്‍ന്ന് യുവാവിനെതിരെ കള്ളക്കേസെടുത്തെന്നാരോപിച്ച് ബന്ധപ്പെട്ടവര്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുകയും എസ്.പി നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഐ.ജി, ഡി.ഐ.ജി എന്നിവര്‍ അന്വേഷണ വിധേയമായി മൂവരെയും സസ്പെന്‍ഡ് ചെയ്യുകയുമായിരുന്നു.
ഹെല്‍മറ്റും മാസ്കുമില്ലാതെ വന്ന സാബിത്തിനെ വാഹന പരിശോധനക്കിടെയാണ് പൊലീസ് പിടികൂടി രേഖകള്‍ പരിശോധിച്ചത്. തുടര്‍ന്ന് വാഹനം സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
അടുത്ത ദിവസം 500 രൂപ പിഴയടക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, പിന്നീട് സാബിത്തിനെ ഫോണില്‍ വിളിച്ച് പണം കോടതിയിലടച്ചാല്‍ മതിയെന്നും സ്റ്റേഷനില്‍ അടച്ച പണം തിരിച്ചു വാങ്ങണമെന്നും പൊലീസ് ആവശ്യപ്പെട്ടു. പണം തിരിച്ചുവാങ്ങി വീട്ടിലെത്തിയ ശേഷമാണ് തനിക്കെതിരെ കഞ്ചാവ് ഉപയോഗിച്ചതിന് എന്‍.ഡി.പി.എസ് കേസാണ് എടുത്തതെന്ന് സാബിത് അറിയുന്നത്. ബന്ധപ്പെട്ടവര്‍ ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കുകയും വയനാട് എ.എസ്.പി സാബിത്തിന്റെ മൊഴിയെടുക്കുകയും ചെയ്തിരുന്നു.
പ്രാഥമികാന്വേഷണത്തില്‍ ഉദ്യോഗസ്ഥരുടെ വീഴ്ച ബോധ്യപ്പെട്ടതിനാല്‍ എന്‍.ഡി.പി.എസ് കേസെടുത്തതിനും അന്വേഷണം നടത്തിയതിനും ഗ്രേഡ് എസ്.ഐ സുരേന്ദ്രന്, എ.എസ്.ഐ മുഹമ്മദലി എന്നിവരെ റേഞ്ച് ഡി.ഐ.ജി രാഹുല്‍ ആര്. നായരും കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചതില്‍ അശ്രദ്ധയും കൃത്യവിലോപവും കാണിച്ചതിന് സ്റ്റേഷന്റെ ചുമതലയുള്ള സ്റ്റേഷന് ഹൗസ് ഓഫിസര്‍ ഷജു ജോസഫിനെ നോര്‍ത്ത് സോണ്‍ ഐ.ജി അശോക് യാദവും അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. ഇവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ എസ്.എം.എസ് ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.