കണ്ണൂര്‍: പുകയില ശീലമുള്ള വരന്മാരെ തങ്ങളുടെ ജീവിത പങ്കാളിയായി സ്വീകരിക്കില്ലെന്ന് ഒരുകൂട്ടം വിദ്യാര്‍ഥിനികളുടെ പ്രതിജ്ഞ. ഈ പ്രതിജ്ഞ യുവാക്കളെ പുകയില ശീലത്തില്‍നിന്നും തീര്‍ച്ചയായും പിന്തിരിപ്പിക്കുമെന്ന് വിശ്വസിക്കുന്നതായി ഭൂരിഭാഗം വിദ്യാര്‍ഥിനികളും അഭിപ്രായപ്പെട്ടു. ലോകാരോഗ്യ സംഘടനയുടെ ആഹ്വാനപ്രകാരം കണ്ണൂര്‍ മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി നടത്തിയ പുകയില വിരുദ്ധ ദിനാചരണ പരിപാടിയില്‍ പെങ്കടുത്ത 220 വിദ്യാര്‍ഥിനികളാണ് ശ്രദ്ധേയമായ പ്രതിജ്ഞയെടുത്തത്.
‘പുകവലി ഉപേക്ഷിക്കുന്നതിനുള്ള പ്രതിബദ്ധത’ എന്നതായിരുന്നു ലോകാരോഗ്യ സംഘടനയുടെ ഈ വര്‍ഷത്തെ പുകയില വിരുദ്ധ ദിനാചരണത്തിെന്റ മുദ്രാവാക്യം. ഇതിെന്റ ഭാഗമായി കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 220 വിദ്യാര്‍ഥിനികളെ പങ്കെടുപ്പിച്ചു നടത്തിയ സൂം വെബിനാര്‍ ഇവരുടെ പ്രതിജ്ഞകൊണ്ട് പുതുമയാര്‍ന്നതായി. പങ്കെടുത്ത 220 കോളജ് വിദ്യാര്‍ഥിനികളും, പുകയില ഉല്പന്നങ്ങള് തങ്ങളുടെ ജീവിതത്തില്‍ ഉപയോഗിക്കില്ലെന്നും വ്യക്തമാക്കി.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ ബോധവത്കരണത്തിലൂടെ പുകവലി ശീലം ഒഴിവാക്കിയ അഞ്ച് വ്യക്തികളെ വെബിനാറില്‍ അഭിനന്ദിച്ചു. ഉച്ചക്കുശേഷം നടന്ന ബോധവത്കരണ പരിപാടി ആര്.സി.സി മുന്‍ കമ്യൂണിറ്റി ഓങ്കോളജി വിഭാഗം തലവന്‍ ഡോ. ബാബു മാത്യു ഉദ്ഘാടനം ചെയ്തു.
എം.സി.സി.എസ് പ്രസിഡന്റ് ഡി. കൃഷ്ണനാഥ പൈ അധ്യക്ഷത വഹിച്ചു. എം.സി.സി.എസ് വൈസ് പ്രസിഡന്റ് ഡോ.ബി.വി. ഭട്ട്, ബ്രസ്റ്റ് കാന്‍സര്‍ ബ്രിഗേഡ് പ്രോജക്ട് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സുചിത്ര സുധീര്‍ എന്നിവര്‍ സംസാരിച്ചു. ആര്.സി.സി അഡീഷനല്‍ പ്രഫസര്‍ ഡോ. ആര്. ജയകൃഷ്ണന് മുഖ്യ പ്രഭാഷണം നടത്തി.
ക്ലാസുകള്‍ക്ക് എം.സി.സി.എസ് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. വി.സി. രവീന്ദ്രന്, മെഡിക്കല്‍ ഓഫിസര്‍ ഡോ. ഹര്‍ഷ ഗംഗാധരന് എന്നിവര്‍ നേതൃത്വം നല്കി. വൈസ് പ്രസിഡന്റ് മേജര്‍ പി. ഗോവിന്ദന് സ്വാഗതവും ജോ. സെക്രട്ടറി ടി.എം. ദിലീപ് കുമാര്‍ നന്ദിയും പറഞ്ഞു.