രാജ്യത്ത് കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടാകുന്ന തൊഴിലില്ലായ്മ പ്രതിസന്ധി പരിഹരിക്കാന്‍ യുവാക്കള്‍ക്കായി മൂന്ന് വര്‍ഷത്തെ സൈനിക സേവനം നിര്‍ദേശിച്ച് കരസേന. ‘ടൂര്‍ ഓഫ് ഡ്യൂട്ടി’ എന്ന ഈ സേവനത്തിലൂടെ സൈനിക ജീവിതം എങ്ങനെയെന്ന് യുവാക്കള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുമെന്ന് ആര്‍മി ചീഫ് ജനറല്‍ എംഎം നരവാനെ പറഞ്ഞു.
“സൈനിക സേവനം തൊഴിലായി നിലനിര്‍ത്താന്‍ ആഗ്രഹിക്കാത്തവരും എന്നാല്‍ വളണ്ടിയറായി സൈന്യത്തില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന യുവാക്കള്‍ക്കും വേണ്ടിയാണ് ഈ പദ്ധതി. ടൂര്‍ ഓഫ് ഡ്യൂട്ടി യുവാക്കള്‍ക്കുള്ള നിര്‍ബന്ധ സൈനിക സേവനമല്ലെന്നും സൈനിക വൃത്തങ്ങള്‍ വിശദീകരിക്കുന്നു. ‘ ഇത് നിര്‍ബന്ധിത സൈനിക സേവനമല്ല. താല്‍പര്യമുള്ളവര്‍ക്ക് സ്വമേധയാ സൈനിക സേവനം ചെയ്യാനുള്ള പദ്ധതിയാണ്. നിലവില്‍ സൈനികരെ തെഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തില്ല. പദ്ധതിയുടെ പ്രാരംഭഘട്ടത്തില്‍ 100 ഉദ്യോഗസ്ഥരെയും 1,000 സൈനികരെയും നിയമനത്തിനായി പരിഗണിക്കും” – സൈനിക വക്താവ് അറിയിച്ചു.
മൂന്നുവര്‍ഷത്തെ കാലയളവില്‍ നേടുന്ന വരുമാനം നികുതി രഹിതമായിരിക്കണം. മൂന്നുവര്‍ഷത്തിനുശേഷം പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലിക്ക് ശ്രമിക്കുന്നവര്‍, പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സുകള്‍ക്ക് ശ്രമിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും സൈന്യം ആവശ്യപ്പെടുന്നു. അതേസമയം കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ ജോലികള്‍ക്ക് ടൂര്‍ ഒഫ് ഡ്യൂട്ടി നിര്‍ബന്ധമാക്കാന്‍ പാടില്ലെന്നും സൈന്യം ആവശ്യപ്പെടുന്നു.
മൂന്നുവര്‍ഷത്തെ ടൂര്‍ ഒഫ് ഡ്യൂട്ടി ആകുമ്ബോള്‍ ചെലവ് 80 മുതല്‍ 85 ലക്ഷം വരെ മാത്രമേ ആകുകയുള്ളൂ എന്നാണ് സൈന്യം പറയുന്നത്. എന്നാല്‍ അഞ്ചുകോടി മുതല്‍ 6.8 കോടി രൂപവരെയാണ് ഒരു സൈനികനുവേണ്ടി രാജ്യം ഇക്കാലയളവില്‍ ചെലവഴിക്കുന്നത്. പരീക്ഷണമെന്ന നിലയില്‍ തിരഞ്ഞെടുത്ത ചില ഒഴിവുകളിലേക്ക് മാത്രം ഇത്തരത്തില്‍ നിയമനം നടത്താമെന്നും വിജയകരമെന്ന് കണ്ടാല്‍ കൂടുതല്‍ വിപുലമാക്കാമെന്നുമാണ് നിര്‍ദേശം.