യുവതിയെ ന​ഗ്നയാക്കിയിരുത്തി പൂജകള്‍ നടത്തിയത് വീടിനുള്ളിലെ നിധി കണ്ടെത്താന്‍

ബെംഗളൂരു: നിധി കണ്ടെെത്താനായി യുവതിയെ ന​ഗ്നയാക്കി പൂജകള്‍ നടത്തിയ മന്ത്രവാദി അടക്കം അ‍ഞ്ചുപേര്‍ അറസ്റ്റില്‍.

കര്‍ണാടകയിലെ രാമനഗരത്തിലാണ് സംഭവം. യുവതിയേയും അവരുടെ പ്രായപൂര്‍ത്തിയാകാത്ത മകളെയും സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെടുത്തി. യുവതിയുടെ നാല് വയസുള്ള മകളെ ബലികൊടുക്കാന്‍ സംഘത്തിന് പദ്ധതിയുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മന്ത്രവാദി ഷാഹികുമാര്‍, സഹായി മോഹന്‍, കല്പണിക്കാരായ ലക്ഷ്മിനരസപ്പ, ലോകേഷ്, നാഗരാജ്, പാര്‍ത്ഥസാരഥി എന്നിവരാണ് അറസ്റ്റിലായത്. തമിഴ്നാട് സ്വദേശിയാണ് ഷാഹികുമാര്‍ കര്‍ണാടകയിലെ ഭൂനഹള്ളിയില്‍ നിന്നുള്ള കര്‍ഷകനായ ശ്രീനിവാസിന്റെ വീട്ടിലാണ് മന്ത്രവാദ ക്രിയ നടത്തിയത്. 2019ല്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ തമിഴ്നാട്ടിലേക്ക് പോയപ്പോഴാണ് ശ്രീനിവാസ് ഷാഹികുമാറുമായി പരിചയപ്പെടുന്നത്. 2020 ന്റെ തുടക്കത്തില്‍ ശ്രീനിവാസിന്റെ വീട്ടിലെത്തിയ ഷാഹികുമാര്‍ 75 വര്‍ഷങ്ങള്‍ക്ക് മുമ്ബ് നിര്‍മിച്ച വീടിനുള്ളില്‍ നിധി ഒളിഞ്ഞിരിക്കുന്നതായി ശ്രീനിവാസിനെ വിശ്വസിപ്പിച്ചു.

വീട്ടിനുള്ളിലെ നിധി കണ്ടെത്തി മാറ്റിയില്ലെങ്കില്‍ കുടുംബം വലിയ ദുരന്തങ്ങള്‍ നേരിടേണ്ടി വരുമെന്നും ഇയാള്‍ ശ്രീനിവാസനെ ഭയപ്പെടുത്തി. നിധി എടുത്തു മാറ്റുന്ന കാര്യം പറഞ്ഞ് ഇയാള്‍ 20,000 രൂപയും ശ്രീനിവാസില്‍ നിന്ന് മുന്‍കൂറായി വാങ്ങി. എന്നാല്‍ തുടര്‍ന്നുണ്ടായ കോവിഡ് ലോക്ക്ഡൗണും മറ്റ് പ്രശ്നങ്ങളും കാരണം പദ്ധതി മാറ്റിവെക്കേണ്ടി വന്നു. രണ്ട് മാസം മുമ്ബ് വീണ്ടും ശ്രീനിവാസിനെ സന്ദര്‍ശിച്ചു ഇയാള്‍ നിധി എടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതായി അറിയിച്ചു.

മന്ത്രവാദ ക്രിയകള്‍ക്കായി ശ്രീനിവാസിന്റെ വീട്ടിലെ ഒരു മുറി ഇയാള്‍ തിരഞ്ഞെടുത്തു. പൂജയ്ക്കിടെ നഗ്നയായ ഒരു സ്ത്രീയെ തന്റെ മുന്നില്‍ ഇരുത്തിയാല്‍ നിധി സ്വയമേവ പുറത്തുവരുമെന്നും ഇയാള്‍ പറഞ്ഞു. നഗ്നയായി ഇരിക്കാനുള്ള സ്ത്രീ ശ്രീനിവാസിന്റെ കുടുംബത്തില്‍ യുവതിയെ ദിവസക്കൂലിക്ക് കണ്ടെത്തുകായിരുന്നു. ഇതിനായി അവര്‍ക്ക് 5,000 രൂപ പ്രതിഫലം നല്‍കിയതായി പോലീസിനെ ഉദ്ധരിച്ച്‌ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

മറഞ്ഞിരിക്കുന്ന നിധി കണ്ടെത്താനുള്ള മന്ത്രവാദ പൂജകള്‍ക്കിടയില്‍ നരബലി നല്‍കാനായാണ് സ്ത്രീയുടെ നാല് വയസ്സുള്ള മകളെ സംഭവസ്ഥലത്തേക്ക് കൊണ്ടുവന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ രാമനഗര പോലീസ് സൂപ്രണ്ട് എസ്. ഗിരീഷ് തള്ളി. മന്ത്രവാദിയുടേയും മറ്റുള്ളവരുടെയും പ്രവര്‍ത്തികളില്‍ സംശയം തോന്നിയ നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചതെന്നും പെണ്‍കുട്ടി സ്ത്രീയുടെ മകളാണെന്നും എസ്പി പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും മന്ത്രവാദ വിരുദ്ധ നിയമത്തിലേയും പ്രസക്തമായ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്.

Related posts

Leave a Comment