യുവതിയുടെ ജീവന്‍ കവര്‍ന്നത് ഓണ്‍ലൈന്‍ ചൂതാട്ടം; ബിജിഷ നടത്തിയത് ഒന്നേമുക്കാല്‍ കോടിയുടെ ഇടപാടുകള്‍

കൊയിലാണ്ടി: യുവതി ജീവനൊടുക്കിയതിന് പിന്നില്‍ ഓണ്‍ലൈന്‍ ചൂതുകളിയെന്നു കണ്ടെത്തല്‍. ചേലിയ മലയില്‍ ബിജിഷ (31) ആത്മഹത്യ ചെയ്യാനിടയായ സാഹചര്യത്തെക്കുറിച്ച്‌ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ചൂതുകളിയിലൂടെ ലക്ഷങ്ങള്‍ നഷ്ടമായ കാര്യം വ്യക്തമായത്.

കൊയിലാണ്ടിയിലെ സ്വകാര്യ മൊബൈല്‍ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന ബിജിഷ 2021 ഡിസംബര്‍ 11നാണ് ആത്മഹത്യ ചെയ്തത്.

ഒന്നേമുക്കാല്‍ കോടിയുടെ കൊടുക്കല്‍ വാങ്ങലുകള്‍ ബാങ്കുകളിലൂടെ ബിജിഷ നടത്തിയിട്ടുണ്ട്. സ്ഥാപനത്തിലേക്ക് പുറപ്പെട്ട ഇവര്‍ പെട്ടെന്നു തിരിച്ചുവന്ന് കുളിമുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. മരണ കാരണമെന്താണെന്ന് വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും വ്യക്തതയുണ്ടായിരുന്നില്ല.

പരാതിയെ തുടര്‍ന്ന് ലോക്കല്‍ പൊലീസാണ് ആദ്യം അന്വേഷണം നടത്തിയത്. നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ച്‌ പ്രക്ഷോഭം നടത്തിയതിനെ തുടര്‍ന്ന് ഫെബ്രുവരിയില്‍ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. അധ്യാപക ബിരുദധാരിയാണ് ബിജിഷ. വീട്ടുകാര്‍ വിവാഹ ആവശ്യത്തിനു കരുതിയ 30 പവന്‍ സ്വര്‍ണാഭരണങ്ങള്‍ ബാങ്കില്‍ പണയം വെച്ചിരുന്നു. പിന്നീട് ഇവ വിറ്റതായി കരുതുന്നു. പലരില്‍ നിന്നും പണം കടം വാങ്ങി ചൂതുകളിയില്‍ ഏര്‍പ്പെടുകയായിരുന്നു. ഒരാളില്‍നിന്ന് വാങ്ങിയ പണം തിരിച്ചു നല്‍കാന്‍ മറ്റ് ആളുകളില്‍നിന്ന് വീണ്ടും വാങ്ങുകയാണ് ചെയ്തിരുന്നത്.

എന്നാല്‍, മരണശേഷം പണം നല്‍കാനുണ്ടെന്നു പറഞ്ഞ് പരാതിയുമായി ആരും പൊലീസിനെ സമീപിച്ചിട്ടില്ല. ഓണ്‍ലൈന്‍ പണമിടപാടുകാരില്‍നിന്നും ബിജിഷ പണം വാങ്ങിയിട്ടുണ്ട്. ഇങ്ങനെ വാങ്ങിയ പണവും ചൂതുകളിക്കായി ഉപയോഗിച്ചിരിക്കാമെന്നാണ് കരുതുന്നത്.

കളികളില്‍ ആദ്യം ചെറിയ വിജയങ്ങള്‍ നേടാന്‍ കഴിഞ്ഞെങ്കിലും പിന്നീട് വന്‍തുകകള്‍ നഷ്ടമായി. പണം തിരിച്ചടക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഇവര്‍ ബിജിഷയെ മോശമായി ചിത്രീകരിച്ച്‌ സന്ദേശങ്ങള്‍ കൈമാറിയതായി പറയുന്നു. യു.പി.ഐ ആപ് വഴിയാണ് പണമിടപാടുകള്‍ നടത്തിയിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ ചോദ്യം ചെയ്തിരുന്നു. ഒരു സുഹൃത്തിന് ലക്ഷത്തോളം രൂപ നല്‍കാനുണ്ടെന്ന് കണ്ടെത്തി.

Related posts

Leave a Comment