വാഷിങ്ടന്‍ ∙അതിശൈത്യത്തില്‍ യുഎസിലെ അരിസോനയില്‍ 3 ഇന്ത്യക്കാര്‍ക്കു ദാരുണാന്ത്യം. ആന്ധ്രപ്രദേശ് സ്വദേശികളായ നാരായണ മുദ്ദാന (49), ഭാര്യ ഹരിത മുദ്ദാന, കുടുംബസുഹൃത്ത് ഗോകുല്‍ മെദിസെറ്റി (47) എന്നിവരാണു മരിച്ചത്.
തണുത്തുറഞ്ഞ വുഡ്സ് കാന്യന്‍ തടാകത്തിലൂടെ നടക്കുമ്ബോള്‍ തെന്നിവീണായിരുന്നു അപകടം.
ഡിസംബര്‍ 26ന് ഉച്ചകഴിഞ്ഞു മൂന്നരയോടെയാണ് അപകടമുണ്ടായതെന്നു വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ചാന്‍ഡ്‍ലര്‍ എന്ന സ്ഥലത്തായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.
ഹരിതയെ വെള്ളത്തില്‍നിന്നു പുറത്തെടുത്തു ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മരിച്ചു. നാരായണ, ഗോകുല്‍ എന്നിവരെ മരിച്ച നിലയാണു കണ്ടെത്തിയതെന്നും പ്രവിശ്യ ഷെരീഫ് വ്യക്തമാക്കി.
സൈക്ലോണ്‍ ബോംബ് എന്ന ശീതക്കൊടുങ്കാറ്റിന്റെ ദുരിതത്തിലാണു യുഎസ്. 3,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ 25 കോടിയോളം ജനങ്ങളെ ശൈത്യബോംബ് ബാധിച്ചു.
നിരവധി പേര്‍ കൊല്ലപ്പെട്ടു. മധ്യരേഖാ പ്രദേശത്തെ ചൂടേറിയ വായു മുകളിലേക്ക് ഉയര്‍ന്ന് രൂപപ്പെടുന്ന വായുരഹിത പ്രദേശത്തേക്ക് ആര്‍ട്ടിക് ധ്രുവമേഖലയില്‍ നിന്നുള്ള അതിശൈത്യക്കാറ്റ് പെട്ടെന്നു വന്നുനിറഞ്ഞാണു ബോംബ് ചുഴലി രൂപപ്പെടുന്നത്.
യുഎസില്‍ ചിലയിടങ്ങളില്‍ താപനില മൈനസ് 50 ഡിഗ്രി സെല്‍ഷ്യസും കടന്നു താഴേക്കു പോയി.