കോട്ടയം: വടക്കു പടിഞ്ഞാറു ബംഗാള്‍ ഉള്‍ക്കടലില്‍ അതിശക്ത ചുഴലിക്കാറ്റ് രൂപപ്പെട്ടു. കഴിഞ്ഞ 6 മണിക്കൂറായി വടക്കു- വടക്കു പടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ 12 കി.മീ വേഗതയില്‍ സഞ്ചരിച്ച് ഇന്ന് രാവിലെ 02.30ഓടെ 20.4° N അക്ഷാംശത്തിലും 87.6° E രേഖാംശത്തിലും എത്തിയിരിക്കുന്നു. നിലവില്‍ ‘യാസ്’ എന്ന അതിശക്ത ചുഴലിക്കാറ്റ് ധാംറയില്‍ നിന്ന് 85 കി.മീ കിഴക്കു – തെക്കു കിഴക്കായും, പാരദ്വീപില്‍ (ഒഡീഷ) നിന്ന് 90 കി.മീ കിഴക്കായും ബാലസോറില്‍ (ഒഡീഷ ) നിന്ന് 140 കി.മീ തെക്ക് -തെക്കു കിഴക്കായും ഡിഗ (പശ്ചിമ ബംഗാള്‍)യില്‍ നിന്ന് 130 കി.മീ തെക്ക് ഭാഗത്തുമായാണ് ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍ സ്ഥിതി ചെയ്യുന്നത്.
വടക്ക് – വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന അതിശക്ത ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് മെയ് 26 നു പുലര്‍ച്ചയോടെ വടക്കന്‍ ഒഡിഷ തീരത്ത് ധാംറ പോര്‍ട്ടിന് സമീപം എത്തിച്ചേരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. തുടര്‍ന്ന് മേയ് 26 ഉച്ചയോടെ വടക്കന്‍ ഒഡിഷ തീരത്തു കൂടി വടക്കന്‍ ധാംറക്കും ബാലസോറിന്‍റെ തെക്കുഭാഗത്തിനും ഇടയില്‍ അതിശക്തമായ ചുഴലിക്കാറ്റായി കരയില്‍ പ്രവേശിക്കാന്‍ സാധ്യത.
ഇന്ന് വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്ധ്രാ പ്രദേശ് -ഒഡിഷ- പശ്ചിമ ബംഗാള്‍- ബംഗ്ലാദേശ് എന്നിവയുടെ തീരപ്രദേശങ്ങളിലും മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല. നിലവില്‍ ഈ പ്രദേശങ്ങളില്‍ ആഴക്കടല്‍ മല്‍സ്യ ബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മത്സ്യത്തൊഴിലാളികള്‍ ഉടനെത്തന്നെ തീരത്ത് മടങ്ങിയെത്തുവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കേരള തീരത്ത് മത്സ്യബന്ധനത്തിനു തടസമില്ല
ന്യൂനമര്‍ദത്തിന്‍റെ പ്രതീക്ഷിക്കുന്ന സഞ്ചാരപഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ല. എന്നിരുന്നാലും കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തില്‍ ന്യൂനമര്‍ദ്ദ രൂപീകരണവുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളില്‍ മഞ്ഞ അലെര്‍ട് പുറപ്പെടുവിച്ചിട്ടുണ്ട്. ന്യൂനമര്‍ദ്ദ രൂപീകരണവും അതുമായി ബന്ധപ്പെട്ട് കേരളത്തിലെ ദിനാവസ്ഥയില്‍ വരാന്‍ സാധ്യതയുള്ള മാറ്റങ്ങളും ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലവസ്ഥ വകുപ്പും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.