യമുനാ നദിയില്‍ മഞ്ഞുപാളികള്‍ ഒഴുകി നടക്കുന്നു?

ദില്ലി: പരിസ്ഥിതി മലിനീകരണത്തിന്റെ ഏറ്റവും രൂക്ഷമായ അവസ്ഥയിലൂടെയാണ് ദില്ലി കടന്നുപോകുന്നത്. ദീപാവലി ദിനത്തിലെ പടക്കം പൊട്ടിക്കലിനെ തുടര്‍ന്ന് നഗരമാകെ ഇരുട്ടിലായിരുന്നു. വിഷവാതകമാണ് ഇതെന്ന് അധികൃതര്‍ മുന്നറിയിപ്പും നല്‍കിയിരുന്നു.

ഇപ്പോഴിതാ മറ്റൊരു ഗുരുതര സാഹചര്യമാണ് ദില്ലി നേരിടുന്നത്. ജല മലിനീകരണമാണ് ഇത്. യമുനാ നദിയില്‍ മഞ്ഞുപാളികള്‍ ഒഴുകി നടക്കുകയാണ്. ചിത്രം കണ്ട് പലരും തെറ്റിദ്ധരിച്ചിരിക്കുകയാണ്. എന്നാല്‍ ഇത് മഞ്ഞുപാളിയല്ല. ഇത്രത്തോളം തണുത്ത് വിറയ്ക്കുന്ന തരത്തിലേക്ക് ദില്ലി എത്തിയിട്ടുമില്ല. വിഷമയമായ വെള്ള പദാര്‍ത്ഥമാണ് ഇതെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

ഇതേ തുടര്‍ന്ന് നഗരമാകെ പുകയില്‍ മുങ്ങിയിരുന്നു. പലര്‍ക്കും ശ്വാസതടസ്സവും കണ്ണ് നീറുന്നതായും അനുഭവപ്പെട്ടിരുന്നു. ഇതെല്ലാം സ്വയം വരുത്തി വെച്ചതാണെന്ന് ദില്ലി ജനത തിരിച്ചറിയുന്നില്ല. യമുനാ നദിയിലെ വെള്ളം ദില്ലിയിലെ പല ഭാഗങ്ങളിലും വിതരണം ചെയ്യുന്നതാണ്. എന്നാല്‍ അമോണിയത്തിന്റെ അളവ് വര്‍ധിച്ചതോടെ ഇത് അവസാനിച്ചിരിക്കുകയാണ്. ഗുരുതര സാഹചര്യങ്ങളാണ് ദില്ലി നേരിടുന്നത്. ഏറ്റവും ഭയാനകമായ കാര്യം അമോണിയം കലര്‍ന്ന ഈ നദിയില്‍ ചാട്ട് പൂജയ്ക്ക് ഭക്തര്‍ മുങ്ങി കുളിച്ചു എന്നതാണ്. വിഷാംശം നിറഞ്ഞ വെള്ളത്തിലാണ് മുങ്ങിയതെന്ന് പോലും ഇവര്‍ തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം ഇതൊരു പുതിയ കാഴ്ച്ചയല്ലെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

മുമ്പും പലപ്പോഴായി യമുനയില്‍ വിശാംഷമുള്ള പദാര്‍ത്ഥം മഞ്ഞുപോലെ നില്‍ക്കാറുണ്ട്. ദില്ലി ഭരിക്കുന്ന എഎപി സര്‍ക്കാരിനോട് ഇക്കാര്യം പല തവണ പറഞ്ഞതാണെന്ന് ജനങ്ങള്‍ പറയുന്നു. എന്നാല്‍ അവര്‍ ഒന്നും ചെയ്യുന്നില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. ഈ വര്‍ഷം യമുനാ നദിക്കരയില്‍ ദില്ലി ദുരന്ത നിവാരണ അതോറിറ്റി ചാട്ട് പൂജയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.

എന്നാല്‍ ചാട്ട് ആഘോഷങ്ങള്‍ക്ക് ഇതേയിടങ്ങളില്‍ അനുമതി നല്‍കിയിരുന്നു. യമുനാ തീരത്ത് ഒഴിച്ച് ബാക്കിയെല്ലായിടത്തും ആഘോഷങ്ങള്‍ നടത്താമായിരുന്നു. വെള്ളത്തില്‍ മുങ്ങി നിവര്‍ന്ന് സൂര്യനെ പ്രാര്‍ത്ഥിക്കുന്നതാണ് ചാട്ട് പൂജയുടെ പ്രധാന ചടങ്ങ്.

Related posts

Leave a Comment