തൃശൂര്‍: മന്ത്രി എ.സി. മൊയ്തീന് 6.55-ന് വോട്ട് ചെയ്തെന്ന വിവാദത്തില്‍ പിഴവില്ലെന്നു തൃശൂര്‍ ജില്ലാ കളക്ടര്‍. നടപടി ചട്ടവിരുദ്ധമല്ലെന്നും പ്രിസൈഡിംഗ് ഓഫിസറുടെ വാച്ചില്‍ ഏഴുമണിയായിരുന്നുവെന്നും കളക്ടര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രിസൈഡിംഗ് ഓഫീസറുടെ വാച്ചില്‍ ഏഴ് മണി ആയപ്പോഴാണു വോട്ടിംഗ് തുടങ്ങിയത്. ചട്ടവിരുദ്ധമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കു നല്കി. തൃശൂര്‍ തെക്കുംകരയിലെ ബൂത്തില്‍ രാവിലെ 6.55ന് മന്ത്രി എ.സി. മൊയ്തീന് വോട്ട് രേഖപ്പെടുത്തിയെന്നാണു പരാതി. ഏഴു മുതലാണു തെരഞ്ഞെടുപ്പ് തുടങ്ങുന്നത്.
പിന്നാലെ എ.സി. മെയ്തീന് ചട്ട വിരുദ്ധമായി വോട്ട് ചെയ്തുവെന്ന ആരോപണവുമായി അനില്‍ അക്കര എംഎല്‍എ രംഗത്തെത്തി. കോണ്‍ഗ്രസ് ബൂത്ത് ഏജന്റ് പ്രിസൈഡിംഗ് ഓഫീസര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ സംഭവത്തില്‍ മന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.