തിരുവനന്തപുരം: മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ വാഹനം ഗതാഗതക്കുരിക്കില്‍ അകപ്പെട്ട സംഭവത്തില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട പോലീസുകാരെ സര്‍വീസില്‍ തിരിച്ചെടുത്തു. മൂന്നു പോലീസുകാരുടെ സസ്പെന്‍ഷനാണ് പിന്‍വലിച്ചത്. ഇവരെ സ്ഥലമാറ്റുകയും ചെയ്തു.
പോലീസുകാരെ സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി പിന്‍വലിച്ചത്. സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി കൊല്ലം ശൂരനാട് പോലീസ് സ്റ്റേഷനിലെ സിപിഒമാരായ ഹരിലാല്‍, രാജേഷ്, എഎസ്ഐ നുക്യുദീന്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തിരുന്നത്. പത്തനംതിട്ടയില്‍ സ്വാതന്ത്ര്യദിനാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന മന്ത്രിയുടെയും ശൂരനാട്ടെ ദുരിതാശ്വാസ ക്യാമ്ബുകളില്‍ സന്ദര്‍ശനത്തിന് എത്തിയ എസ്പി ആര്. ഹരിശങ്കറിന്റെയും വാഹനങ്ങളാണ് ചക്കുവള്ളിക്ക് സമീപം വിവാഹ ഓഡിറ്റോറിയത്തിനു മുന്നിലെ ഗതാഗതക്കുരുക്കില്‍ അകപ്പെട്ടത്.