കൊച്ചി: വര്‍ഗീയതയുടെ വിഷം ചീറ്റുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍.
ഈ സര്‍ക്കാരിന്റെ കീഴില്‍ മൗലികവാദ ശക്തികളോട് സഹിഷ്ണുതാപരമായ സമീപനമാണെന്നാണ് താന്‍ പറഞ്ഞത്. കോണ്‍ഗ്രസ്, എല്‍.ഡിഎഫ് സര്‍ക്കാരുകളുടെ കീഴില്‍ അത് നടന്നിട്ടുണ്ട്. ജൂണില്‍ നടന്ന എലത്തൂര്‍ സ്‌ഫോടനക്കേസിലും കണ്ടതാണ്.
താന്‍ വര്‍ഗീയതയുടെ വിഷയം ചീറ്റുന്നുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. താന്‍ ഒരു സമുദായത്തിനെതിരെയും പറഞ്ഞിട്ടില്ല. ഹമാസിനെതിരെയാണ് പറഞ്ഞത്. ഹമാസ് നേതാവ് കേരളത്തിലെ യോഗത്തില്‍ സംസാരിക്കുന്നതിനെ മുഖ്യമന്ത്രി എതിര്‍ക്കുന്നില്ല. തന്നെ വര്‍ഗീയവാദിയെന്ന് വിളിക്കാന്‍ മുഖ്യമന്ത്രിക്ക് എന്ത് ധാര്‍മ്മിക അവകാശമുണ്ടെന്ന് അറിയില്ല.
താനോ തന്റെ പാര്‍ട്ടിയോ ഇന്നലെ പറഞ്ഞതില്‍ ഒരു സമുദായത്തെയോ പാര്‍ട്ടിയേയോ വേദനിപ്പിച്ചിട്ടില്ല.
ഹമാസിന്റെ നേതാവിന് എങ്ങനെ ഇവിടെ സംസാരിക്കാന്‍ കഴിയുന്നുവെന്നാണ് താന്‍ ചോദിച്ചത്? അങ്ങനെയുള്ള കാര്യങ്ങള്‍ നടക്കുമ്ബോള്‍ ഇതുപോലെയുള്ള പ്രശ്‌നങ്ങള്‍ നടക്കുമെന്നാണ് പറഞ്ഞത്. ആ നിലപാടില്‍ ഇപ്പോഴും മാറ്റമില്ല.
സിപിഎം സംസ്ഥാന സെക്രട്ടറി പലസ്തീന്‍ വിഷയം ഉന്നയിച്ച ശേഷമാണ് താന്‍ പരാമര്‍ശം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.