മോൻസൻ മാവുങ്കലിന് സുരക്ഷ നൽകിയത് എന്റെ കമ്പനിയല്ല; പേര് ദുരുപയോഗം ചെയ്തെന്ന് മേജർ രവി

പുരാവസ്തു തട്ടിപ്പുകേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിന് സുരക്ഷ നൽകിയിരുന്നത് തന്റെ കമ്പനിയല്ലെന്ന് സംവിധായകനും നടനുമായ മേജർ രവി. കൃത്യവിലോപത്തിന്റെ പേരിൽ തന്റെ കമ്പനിയിൽ നിന്നു പുറത്താക്കപ്പെട്ട പ്രദീപ് എന്ന വ്യക്തിയാണ് മോൻസന്റെ സുരക്ഷാസേനയിൽ ഉണ്ടായിരുന്നത്. ഐഎസ്എൽ മത്സരങ്ങൾ കേരളത്തിൽ നടക്കുന്ന സമയത്ത് ഞാൻ കൂടി ഡയറക്ടറായിരിക്കുന്ന തണ്ടർ ഫോഴ്സിൽ പ്രദീപ് എന്ന ഈ വ്യക്തി ജോലിയിലുണ്ടായിരുന്നു. പിന്നീട് ഹൈദരാബാദിൽ ഒരു അതിഥിക്കൊപ്പം സുരക്ഷാജോലിയിൽ നിയോഗിക്കപ്പെട്ട പ്രദീപിനെതിരെ ഒരു പരാതി വന്നതിനെ തുടർന്ന് പുറത്താക്കുകയായിരുന്നു. എന്നാൽ, ഇയാൾ വീണ്ടും തണ്ടർ ഫോഴ്സിന്റെ പേരു പറഞ്ഞാണ് പുതിയ ജോലികൾ കണ്ടെത്തുന്നതെന്ന് അറിയാൻ കഴിഞ്ഞു.
മോൻസന് അഞ്ചുപേരടങ്ങുന്ന സുരക്ഷാസംഘം ഉണ്ടെന്നാണ് റിപ്പോർട്ടുകളിൽ നിന്ന് അറിഞ്ഞത്. അതിൽ പ്രദീപ് മാത്രമേ തണ്ടർ ഫോഴ്സിൽ ജോലി ചെയ്തിട്ടുള്ളൂ. ചിലയവസരങ്ങളിൽ തണ്ടർ ഫോഴ്സിന്റെ യൂണിഫോമും ഇയാൾ ഉപയോഗിച്ചിരുന്നു. ഇതിനെതിരെ പൊലീസിൽ പരാതി നൽകിയതുമാണ്. അതിനുശേഷം ആ യൂണിഫോം അവർ ഉപയോഗിച്ചിട്ടില്ല. ആറു മാസം മുൻപാണ് യൂണിഫോം ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയിൽ പെട്ടതും നടപടി സ്വീകരിച്ചതും.
ഇന്നു രാവിലെ ഫെയ്സ്ബുക്കിൽ എനിക്കൊരു സ്ത്രീയുടെ സന്ദേശം ലഭിച്ചു. മോൻസന്റെ ബോഡിഗാർഡ് ആയിരുന്ന പ്രദീപിനെക്കുറിച്ചായിരുന്നു അവരുടെ സന്ദേശത്തിൽ പരാമർശിച്ചിരുന്നത്. അവരുടെ വീട്ടിൽ കഴിഞ്ഞാഴ്ച പ്രദീപ് എന്നയാൾ മേജർ രവിയുടെ ബോഡിഗാർഡ് ആയിരുന്നെന്ന് പരിചയപ്പെടുത്തി സമീപിച്ചിരുന്നെന്ന് ആ സ്ത്രീ പറഞ്ഞു. ഇപ്പോൾ മോൻസൻ എന്ന വ്യക്തിയുടെ ബോഡി ഗാർഡ് ആയി ജോലി ചെയ്യുകയാണെന്നും അയാൾ അവരോട് പറഞ്ഞു. പുരാവസ്തുക്കൾ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ മോൻസനിൽ നിന്നു വാങ്ങാമെന്നു പറഞ്ഞാണ് പ്രദീപ് ആ സ്ത്രീയെ സമീപിച്ചത്. ഈ സ്ത്രീയുടെ ഭർത്താവ് ഒരു പ്രവാസി വ്യവസായി ആണ്. ഇവരുടെ സന്ദേശം കണ്ടപ്പോഴാണ് കാര്യങ്ങളുടെ ഗൗരവം ഞാൻ മനസിലാക്കുന്നത്. ഞാനൊരിക്കലും എന്റെ സുരക്ഷയ്ക്കുവേണ്ടി ബോഡിഗാർഡിനെ വച്ചിട്ടില്ല. എനിക്ക് ഒരു ബോഡിഗാർഡുമില്ല.
ഇത്തരം വ്യജന്മാർക്ക് വളം വച്ചുകൊടുക്കുന്നത് നമ്മൾ തന്നെയാണ്. ലോക്നാഥ് ബെഹ്റയെപ്പോലുള്ളവർ പോലും ഇത്തരം ആളുകളുടെ വലയിൽ പോയിപ്പെടുന്നത് കഷ്ടമാണ്. ഏതെങ്കിലും പരിപാടികളിൽ വച്ചു ഫോട്ടോ എടുക്കുന്നതും അവരുടെ വീട്ടിൽ പോയി ഫോട്ടോ എടുക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. ഒരു കമ്പനിയിൽ നിന്നു പുറത്താക്കിയ ആളെ ഞങ്ങളുടെ കമ്പനി ഒരിക്കലും ജോലിക്കെടുക്കില്ല. കൂടാതെ, പുതുതായി ജോലിയിൽ പ്രവേശിക്കുന്നവരെക്കുറിച്ച് കൃത്യമായി അന്വേഷിക്കാറുമുണ്ട്. പക്ഷേ, ഇവിടെ പേര് ദുരുപയോഗം ചെയ്യപ്പെടുകയാണ്. എന്റെ ഫാൻസ് ഓർഗനൈസേഷന്റെ ചുമതലയുള്ള വ്യക്തിയെയും മോൻസൻ ബന്ധപ്പെട്ടിരുന്നു.എന്നാൽ, ആ വഴിക്ക് പോകണ്ട എന്നായിരുന്നു മോൻസന് ഫാൻസ് ഓർഗനൈസേഷന്റെ ചുമതലയുള്ള വ്യക്തി നൽകിയ മറുപടി. പിന്നെ, എനിക്ക് ഈ പുരാവസ്തുക്കളിലോ അന്ധവിശ്വാസങ്ങളിലോ ഒട്ടും താൽപര്യമില്ല. കൃഷ്ണനെ കെട്ടിയിട്ട ഉരൽ, യശോദ വെണ്ണ സൂക്ഷിച്ച പാത്രം എന്നൊക്കെ പറയുമ്പോൾ വിശ്വസിക്കാൻ നടക്കുന്നവരോട് എനിക്ക് പുച്ഛമാണ്. ഒന്നു സ്വയം ചിന്തിച്ചാൽ ഇത്തരം തട്ടിപ്പുകൾ മനസിലാക്കാൻ കഴിയും

Related posts

Leave a Comment