കോട്ടയം: ‘ഞാന്‍ ഭയങ്കര ഹാപ്പിയാ..,’ അഭയ കൊലക്കേസില്‍ പ്രധാന സാക്ഷിയായ അടയ്ക്ക രാജുവിന്റെ വാക്കുകളാണിത്. കേസിലെ നിര്‍ണായക സാക്ഷിയാണ് അടയ്ക്ക രാജു. കേസിലെ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ കുറ്റക്കാരാണെന്ന് തിരുവനന്തപുരം സിബിഐ കോടതിയാണ് വിധിച്ചത്. ഇരുവര്‍ക്കുമുള്ള ശിക്ഷ നാളെ വിധിക്കും.
“നീതി കിട്ടണമെന്നത് വലിയ ആഗ്രഹമായിരുന്നു. അത് കിട്ടി. ഞാന്‍ ഭയങ്കര ഹാപ്പിയാണ്. ഞാന്‍ കള്ള് കുടിക്കും. പക്ഷേ, ഇപ്പോ ഞാന്‍ ഹാപ്പിയാണ്. സാക്ഷിമൊഴി മാറ്റാന്‍ എനിക്ക് കുറേ ഓഫറുകള്‍ വന്നു. കോടികളാണ് എനിക്ക് വാഗ്ദാനം ചെയ്തത്. ഞാന്‍ ആരുടെ കൈയില്‍ നിന്നും ഒന്നും വാങ്ങിയിട്ടില്ല. ഒരു രൂപ പോലും വാങ്ങിയിട്ടില്ല. ഞാന്‍ ഇപ്പോഴും കോളനിയിലാണ് കിടക്കുന്നത്, മൂന്ന് സെന്റ് സ്ഥലത്ത്. എന്റെ കുഞ്ഞിന് (അഭയ) നീത് കിട്ടി. ഇന്ന് അവരുടെ കുടുംബത്തില്‍ ആരേലും ഉണ്ടോ ? എല്ലാം പോയില്ലേ. ആ കുഞ്ഞിന്റെ ഒരു അപ്പനായിട്ട് പറയാ, ഞാന്‍ ഭയങ്കര ഹാപ്പിയാണ്,” രാജു പറഞ്ഞു.
സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട ദിവസം പുലര്‍ച്ചെ പയസ് ടെന്ത് കോണ്‍വന്റില്‍ മോഷ്ടിക്കാനെത്തിയപ്പോള്‍ പ്രതികളായ തോമസ് കോട്ടൂരിനേയും സെഫിയേയും അവിടെ കണ്ടെന്നാണ് രാജുവിന്റെ മൊഴി. അഭയയയെ കൊന്നത് താനാണെന്ന് വരുത്തി തീര്‍ക്കാന്‍ ക്രൈം ബ്രാഞ്ച് ശ്രമം നടത്തി. ക്രൂരമായ ശാരീരിക പീഡനം ഏറ്റുവാങ്ങേണ്ടി വന്നെന്നും രാജു പറഞ്ഞു.
സത്യം ജയിച്ചെന്ന് വര്‍ഗീസ് പി.തോമസ്. സത്യം ജയിച്ചെന്നും താന്‍ വലിയ വിലയാണ് നല്‍കേണ്ടി വന്നതെന്നും അഭയ കേസ് അന്വേഷിച്ച സിബിഐ മുന്‍ ഡിവൈഎസ്പി വര്‍ഗീസ് പി.തോമസ് മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ പ്രധാന കണ്ടെത്തലുകള്‍ നടത്തുകയും ഒടുവില്‍ മേലുദ്യോഗസ്ഥരുടെ സമ്മര്ത്തെത്തുടര്ന്ന് രാജിവയ്ക്കുകയും ചെയ്ത സിബിഐ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന വര്‍ഗീസ് പി.തോമസ്.
“സത്യത്തിനായി നിലകൊണ്ടു. വിധി അതിനു ലഭിച്ച സമ്മാനം. സത്യത്തിനായി വലിയ വില നല്കി. 10 വര്‍ഷം സര്‍വീസ് ബാക്കിയുണ്ടായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ ഡിഐജിമാരായി,” വര്‍ഗീസ് പി.തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
വിധിയില്‍ ഏറെ സന്തോഷമുണ്ടെന്ന് അഭയയുടെ സഹോദരന് ബിജു. കേസ് തെളിയില്ലെന്നാണ് ഒരുഘട്ടം വരെ കരുതിയിരുന്നത്. ഒടുവില്‍ നീതി കിട്ടി. നാട്ടില്‍ പലര്‍ക്കും സംശയം ഉണ്ടായിരുന്നു കേസ് തെളിയില്ലെന്ന്. ദൈവത്തിന്റെ ഇടപെടല്‍ ഉണ്ടായെന്ന് വിശ്വസിക്കാനാണ് ഇഷ്ടമെന്നും ബിജു പറഞ്ഞു. അനുകൂല വിധി ലഭിച്ചതില്‍ ദെെവത്തിനു നന്ദി പറയുന്നെന്നും ബിജു പറഞ്ഞു.
ഏറെ നാളായി ഇങ്ങനെയൊരു വിധിക്ക് വേണ്ടിയാണ് കാത്തിരുന്നതെന്ന് ആക്ഷന്‍ കൗണ്‍സില്‍ അംഗവും അഭയ കൊലക്കേസ് നിയമപോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത ജോമോന് പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു. നീതിപൂര്‍വമായി സിബിഐ കോടതി വിധിപറഞ്ഞു. വിധിയില്‍ വലിയ സന്തോഷമുണ്ട്. ഈ ദിവസത്തിനുവേണ്ടിയാണ് വര്‍ഷങ്ങളായി കാത്തിരുന്നത്. ഇത് എല്ലാവരുടെയും പോരാട്ടത്തിന്റെ വിജയമാണ്. താന്‍ ഒരു നിമിത്തം മാത്രം. പണവും സ്വാധീനവും വില പോകില്ലെന്നാണ് വിധി തെളിയിക്കുന്നത്. ഇനി മരിച്ചാലും കുഴപ്പമില്ല. സിബിഐ പ്രോസിക്യൂട്ടര്‍ക്കൊപ്പം ഒരു ഗുമസ്തനെ പോലെ ഞാന്‍ നടന്നു. എന്നെ ഒതുക്കാന്‍ നിരവധി കള്ളക്കേസുകള്‍ ഉണ്ടാക്കി. എല്ലാറ്റിനും അവസാനം അഭയയ്ക്ക് നീതി കിട്ടിയെന്നും ജോമോന് പറഞ്ഞു.
ഞാനൊരു നിമിത്തം മാത്രം; ഇനിയെനിക്ക് മരിച്ചാലും ദുഃഖമില്ല: ജോമോന് പുത്തന്‍ പുരയ്ക്കല്‍
അതേസമയം, താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് അഭയ കൊലക്കേസ് പ്രതി ഫാദര്‍ തോമസ് കോട്ടൂര്‍. തിരുവനന്തപുരം സിബിഐ കോടതി വിധി പുറപ്പെടുവിച്ചതിനു പിന്നാലെയാണ് കേസില്‍ ഒന്നാം പ്രതിയായ തോമസ് കോട്ടൂരിന്റെ പ്രതികരണം. കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും താന്‍ നിഷ്കളങ്കനാണെന്നും തോമസ് കോട്ടൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.
“ദൈവം എന്റെ കൂടെയുണ്ട്. ഞാന്‍ ദൈവത്തില്‍ ശരണപ്പെടുന്നു. കുറ്റം ചെയ്തിട്ടില്ല. ഞാന്‍ നിരപരാധിയാണ്. ദൈവത്തിന് ഒരു പദ്ധതിയുണ്ട്. ആ പദ്ധതിയനുസരിച്ച് ഞാന്‍ പ്രവര്‍ത്തിക്കും,” തോമസ് കോട്ടൂര്‍ പറഞ്ഞു. വിചാരണ കോടതി വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമോ എന്ന ചോദ്യത്തിനു ‘തനിക്കറിയില്ല’ എന്നാണ് തോമസ് കോട്ടൂര്‍ മറുപടി നല്‍കിയത്. താന്‍ ദൈവത്തില്‍ ശരണപ്പെടുന്നു എന്ന് പലതവണ തോമസ് കോട്ടൂര്‍ ആവര്‍ത്തിച്ചു. ഇങ്ങനെയൊരു വിധി പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കേസിലെ മറ്റൊരു പ്രതിയായ സിസ്റ്റര്‍ സെഫി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പ്രതികരിച്ചില്ല. കോടതി വിധിക്ക് ശേഷം വാഹനത്തില്‍ ജയിലിലേക്ക് കൊണ്ടുപോകുമ്ബോള്‍ സിസ്റ്റര്‍ സെഫി കഴുത്തിലെ മാലയിലുള്ള കുരിശ് ഉയര്‍ത്തിപ്പിടിച്ചിരിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ വിധിയെ കുറിച്ചുള്ള പ്രതികരണം ആരാഞ്ഞപ്പോഴും കുരിശ് ഉയര്‍ത്തിപ്പിടിക്കുക മാത്രമാണ് സെഫി ചെയ്തത്. ഒരക്ഷരം പോലും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി നല്‍കിയില്ല. കേസിന്റെ വിവിധ ഘട്ടങ്ങളില്‍ ഇതുതന്നെയായിരുന്നു സെഫിയുടെ പ്രതികരണം.