പാരീസ്: ഫ്രാന്‍സ് സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരമോന്നത ബഹുമതി നല്‍കി ആദരിച്ച് ഫ്രഞ്ച് പ്രസിഡന്റന് ഇമ്മാനുവേല്‍ മാക്രോണ്‍.
ഗ്രാന്റ് ക്രോസ് ഓഫ് ദ ലീജിയന്‍ ഓഫ് ഓണര്‍ പുരസ്‌കാരമാണ് മാക്രോണ്‍ മോദിയെ അണിയിച്ചത്.
വ്യാഴാഴ്ച ഔദ്യോഗിക വസതിയായ എലിസി പാലസില്‍ മാക്രോണ്‍ സംഘടിപ്പിച്ച സ്വകാര്യ അത്താഴ വിരുന്നിനിടെയാണ് പുരസ്‌കാരം സമ്മാനിച്ചത്.
ഫ്രാന്‍സിലെ പരമോന്നത സൈനിക, സിവിലിയന്‍ പുരസ്‌കാരമാണ് ഗ്രാന്റ് ക്രോസ് ഓഫ് ദ ലീജിയന്‍ ഓഫ് ഓണര്‍.
ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയുമാണ് മോദി.
ബഹുമതിക്ക് ഇന്ത്യയിലെ ജനങ്ങളുടെ പേരില്‍ മോദി മാക്രോണിന് നന്ദി പറഞ്ഞതായി വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.
ദക്ഷിണാഫ്രിക്കയുടെ മുന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേല, ചാള്‍സ് രാജാവ്, മുന്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ഏയ്ഞ്ചല മെര്‍ക്കല്‍, മുന്‍ യു.എസ് സെക്രട്ടറി ജനറല്‍ ബൂട്രോസ് ഘലി തുടങ്ങിയവരാണ് മുന്‍പ് ഈ പുരസ്‌കാരത്തിന് അര്‍ഹരായ പ്രമുഖര്‍.
രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് മോദി വ്യാഴാഴ്ച പാരീസില്‍ എത്തിയത്. ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണ്‍ അദ്ദേഹത്തെ വിമാനത്താവളത്തില്‍ സ്വീകരിച്ചു.
ഇന്ത്യയിലെ പ്രധാനപ്പെട്ട പെയ്‌മെന്റ് സംവിധാനമായ യുപിഐ (യുണിഫൈഡ് പെയ്‌മെന്റ് സിസ്റ്റം) ഫ്രാന്‍സിലും നിലവില്‍ വരുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. പാരീസില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
യുപിഐ ഉപയോഗിക്കുന്നതില്‍ ഇന്ത്യയും ഫ്രാന്‍സും ധാരണയിലെത്തി. വരും നാളുകളില്‍ ഈഫല്‍ ടവറില്‍ നിന്ന് അത് ആരംഭിക്കും. അതോടെ ഫ്രാന്‍സിലെത്തുന്ന ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ക്ക് രൂപയായി പെയ്‌മെന്റ് നടത്താന്‍ കഴിയും.
ഫ്രാന്‍സിലെത്തുന്ന ഇന്ത്യക്കാര്‍ക്ക് പണം ചെലവഴിക്കാന്‍ വലിയ സാധ്യതകളാണ് യുപിഐ നല്‍കുന്നത്. കറന്‍സി കൈവശം വയ്ക്കുന്നതും വിഷമംപിടിച്ച ഫോറന്‍ എക്‌സ്‌ചേഞ്ച് കാര്‍ഡുകള്‍ ഉപയോഗിക്കുന്നതും ഒഴിവാക്കാനാവും.
ഈ വര്‍ഷമാദ്യം സിംഗപ്പൂരുമായി ഇന്ത്യ കരാറില്‍ ഏര്‍പ്പെട്ടിരുന്നു. യുപിഐയും സിംഗപ്പൂരിന്റെ പേനൗവുമായാണ് കരാര്‍. ഇതുപ്രകാരം ഇരുരാജ്യങ്ങളിലെയും പൗരന്മാര്‍ക്ക് ഇതര രാജ്യത്ത് അവരവരുടെ കറന്‍സിയില്‍ പെയ്‌മെന്റ് നടത്താനാവും.
യുഎഇ, ഭൂട്ടാന്‍, നേപ്പാള്‍ എന്നിവ നേരത്തെ തന്നെ യുപിഐ സംവിധാനം സ്വീകരിച്ചിരുന്നു.
യു.എസ്, യുറോപ്യന്‍ രാജ്യങ്ങള്‍, പടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലും യുപിഐ സംവിധാനം കൊണ്ടുവരുന്നതിനുള്ള ചര്‍ച്ചകള്‍ നാഷണല്‍ പെയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.