വടകര: മൈസൂരുവിലെ ലോഡ്ജില്‍ തടവില്‍ പാര്‍പ്പിച്ച് വടകര സ്വദേശിയുടെ പണം കവര്‍ന്ന സംഭവത്തില്‍ മൂന്നംഗ സംഘം പൊലീസ് പിടിയില്‍. മൈസൂരുവില്‍ താമസക്കാരായ പാലക്കാട് സ്വദേശി സമീര്‍, കണ്ണൂര്‍ അഷ്റഫ്, വിരാജ്പേട്ടയില്‍ താമസിക്കുന്ന കണ്ണൂര്‍ ഉനൈസ് എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ മാസം വടകരയിലേക്കു വരാന്‍ മൈസൂരു ബസ്സ്റ്റാന്‍ഡില്‍ രാത്രി ബസ് കാത്തു നില്‍ക്കുകയായിരുന്ന യുവാവിനെയാണ് ഇവര്‍ തട്ടിക്കൊണ്ടുപോയത്.
മൈസൂരുവിലെ ലോഡ്ജില്‍ മൂന്നു ദിവസം തടവില്‍ പാര്‍പ്പിച്ചശേഷം പണം തന്നില്ലെങ്കില്‍ പോക്സോ കേസില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. മര്‍ദിക്കുകയും പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനിരയാക്കുകയും ചെയ്തു. കൈയില്‍ പണമില്ലെന്ന് മനസ്സിലാക്കിയതോടെ സഹോദരനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. വിട്ടയക്കാന്‍ 50,000 രൂപ ആവശ്യപ്പെടുകയായിരുന്നു.
പണം കൈക്കലാക്കിയശേഷമാണ് പ്രതികള്‍ യുവാവിനെ വിട്ടയച്ചത്. മൈസൂരുവിലെ ലോഡ്ജിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചും പ്രതികളുടെ ബാങ്ക് അക്കൗണ്ടും മൊബൈല്‍ ഫോണും കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.