ബംഗളൂരു: മൈസൂരുവില്‍ എം.ബി.എ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ ഹൈദരാബാദ് മോഡലില്‍ വെടിവെച്ച് കൊല്ലണമെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമി.
അറസ്റ്റ് ചെയ്ത് ജയിലില്‍ കിടന്ന ശേഷം ജാമ്യത്തിലിറങ്ങാന്‍ പ്രതികളെ അനുവദിക്കരുത്. ഇത്തരം നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ അതിക്രമങ്ങള്‍ തടയാനാവില്ല. കര്‍ണാടക പൊലീസ് ഹൈദരാബാദ് പൊലീസിന്റെ നടപടി മാതൃകയാക്കണമെന്നും കുമാരസ്വാമി പറഞ്ഞു.
വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്യുകയും അതിനുശേഷം പെണ്‍കുട്ടിയുടെ സ്കൂട്ടര്‍ കത്തിക്കുകയും ചെയ്ത പ്രതികളെ 2019ല്‍ തെലങ്കാന പൊലീസ് വെടിവെച്ച് കൊന്നിരുന്നു. തെളിവെടുപ്പിന് എത്തിച്ച സമയത്ത് പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് പൊലീസ് വെടിവെച്ചത്.
പൊതുസ്ഥലത്തുള്ള മദ്യപാനം തടയാന്‍ കഴിയാത്തതിന് സര്‍ക്കാറിനെ കുമാരസ്വാമി കുറ്റപ്പെടുത്തി. സംഭവത്തില്‍ പ്രതികളെ പിടിക്കാന്‍ കഴിയാത്ത സര്‍ക്കാറിനെതിരെ ജനരോഷം ആളിക്കത്തുകയാണ്.
അതേസമയം, മൈസൂരു കൂട്ടബലാത്സംഗക്കേസില്‍ മലയാളി വിദ്യാര്‍ത്ഥികളെയടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. മൂന്ന് മലയാളി വിദ്യാര്‍ഥികളും ഒരു തമിഴ്നാട് സ്വദേശിയും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കരുതുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.
സ്ഥലത്തെ സ്ഥിരം മദ്യപാന സംഘമാണ് കേസിലെ പ്രതികളെന്നായിരുന്നു പൊലീസിന്റെ ആദ്യനിഗമനം. പിന്നീട് ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് മലയാളി വിദ്യാര്‍ഥികളടക്കമുള്ളവരിലേക്ക് സംശയം ഉയര്‍ന്നത്.
സംഭവസമയം ചാമുണ്ഡി മലയടിവാരത്ത് ഉണ്ടായിരുന്ന 20 സിമ്മുകള്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന.