പത്തനംതിട്ട: വയോധികനായ വ്യാപാരിയെ കടയിൽ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ പിടിയിൽ.
പത്തനംതിട്ട മൈലപ്രയിൽ ജോർജ് ഉണ്ണുണ്ണിയെന്ന 72 കാരനായ വ്യാപാരിയെ കടയ്ക്കുള്ളിൽ കഴുത്തിൽ തുണിമുറുക്കി കൊലപ്പെടുത്തിയെന്ന കേസിൽ തമിഴ്നാട് സ്വദേശികളായ മുരുകൻ,
ബാലസുബ്രമണ്യൻ എന്നിവരാണ് പിടിയിലായത്.പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം തെങ്കാശിയിൽ എത്തിയാണ് പ്രതികളെ പിടികൂടിയത്.
സംഘത്തിൽ മൂന്നുപേർ ഉണ്ടായിരുന്നെന്നും ഇതിൽ ഇനി കിട്ടാനുള്ളത് പത്തനംതിട്ട കുലശേഖരപതി സ്വദേശിയായ ഓട്ടോ ഡ്രൈവറെ ആണെന്നുമാണ് സൂചന.
എന്നാൽ ഇയാൾ നേരത്തെതന്നെ പോലീസിന്റെ കസ്റ്റഡിയിൽ ഉണ്ടെന്നും പറയുന്നു.
പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ ചോദ്യംചെയ്യുകയാണ്.
നിരവധി കേസുകളിൽ പ്രതികളായ ഇവർക്ക് ക്രിമിനൽ പശ്ചാത്തലമാണുള്ളതെന്നു സൂചനയുണ്ട്.
തമിഴ്നാട്ടിൽ ജയിലിൽ കഴിയുമ്പോഴുള്ള പരിചയമാണ് പ്രതികളെ ഒന്നിപ്പിച്ചതെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ജനുവരി 30നാണ് വ്യാപാരിയെ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മോഷണ ശ്രമത്തിനിടയിലാണ് കൊലപാതകമെന്ന് പോലീസ് തുടക്കത്തിലേ പറഞ്ഞിരുന്നു.
ഒൻപത് പവൻ തൂക്കമുള്ള സ്വർണമാലയും ഒരു ലക്ഷം രൂപയും നഷ്ടമായതായും ബന്ധുക്കൾ അറിയിച്ചിരുന്നു.
കൊലപ്പെടുത്താൻ ഉപയോഗിച്ച രണ്ട് കൈലികളും ഷർട്ടും പോലീസ് കണ്ടെത്തിയിരുന്നു.
പുതിയ വസ്ത്രമായതിനാൽ വാങ്ങിയ കടകൾ കേന്ദ്രീകരിച്ചും അന്വേഷണം നടന്നിരുന്നു.