മേക്കപ് ബ്രഷും കത്രികയും നെഞ്ചോടു ചേര്‍ത്ത ഇരട്ട സഹോദരങ്ങള്‍; താരസുന്ദരിമാരെ സ്റ്റൈലിഷ് ആക്കുന്ന ഇരട്ട സഹോദരങ്ങളുടെ കഥ

സജിത്ത്&സുജിത്ത് ഇന്ന്‌ ഒരു ബ്രാന്‍ഡ് നെയിം ആണ്. താരസുന്ദരിമാരുടെ പ്രിയപ്പെട്ട സ്റ്റൈലിസ്റ്റുമാര്‍. ബ്യൂട്ടി സലൂണിന്റെ ഉടമസ്ഥര്‍.

അച്ഛന്റെ കണ്‍സ്ട്രഷന്‍ ബിസിനസ് മക്കള്‍ ഏറ്റെടുക്കും എന്നു കരുതിയവരെ അദ്ഭുതപ്പെടുത്തിയാണ് സജിത്തും സുജിത്തും മറ്റൊരു തൊഴില്‍ മേഖലയിലേക്ക് തിരിഞ്ഞത്. സുജിത്ത് ഹോട്ടല്‍ മാനേജ്മെന്റിനും സജിത്ത് ബ്യൂട്ടീഷന്‍ കോഴ്സിനും ചേര്‍ന്നു. പഠനശേഷം ജോലിക്കു കയറി. പിന്നീട് ഹോട്ടല്‍ ജോലി വേണ്ടെന്നുവച്ച സുജിത്ത് ബ്യൂട്ടീഷന്‍ കോഴ്സ് പഠിച്ച്‌ സഹോദരന്റെ അതേ ഫീല്‍ഡിലേക്ക് ഇറങ്ങി.അന്ന് ബ്യൂട്ടീഷന്‍ എന്നൊക്കെ പറയുമ്ബോള്‍ ആളുകള്‍ക്ക് എന്തോ പോലെയാണ്.

അച്ഛനും ബന്ധുക്കളും ശക്തമായി എതിര്‍ത്തു. എങ്കിലും അമ്മ നളിനിയും ചേച്ചി സുജയും പിന്തുണ നല്‍കി. ബ്യൂട്ടീഷന്‍മാരെക്കുറിച്ച്‌ വളരെ മോശം ചിന്ത നിലനില്‍ക്കുന്ന ഒരു കാലഘട്ടമായിരുന്നു അത്. നിരവധി കളിയാക്കലുകള്‍ നേരിട്ടു. എങ്കിലും പിന്മാറിയില്ല. സഹോദരങ്ങള്‍ പറയുന്നു

ഞങ്ങള്‍ പല സലൂണുകളില്‍ ജോലി ചെയ്തു. സാധ്യതകള്‍ പരിമിതമായിരുന്ന കാലമായിരുന്നു അത്. പരമാവധി ജോലിയെടുക്കുക കൂടുതല്‍ കാര്യങ്ങള്‍ പഠിക്കുക എന്നതായിരുന്നു ലക്ഷ്യം. വര്‍ക്‌ഷോപ്പുകളിലൊക്കെ പങ്കെടുത്ത് പുതിയ അറിവുകള്‍ നേടികൊണ്ടിരുന്നു.

13 വര്‍ഷം മുമ്ബ് പാലാരിവട്ടത്തെ ഒരു സലൂണിലാണ് ഒന്നിച്ച്‌ ജോലി ചെയ്യാന്‍ തുടങ്ങുന്നത്. സിനിമാ താരങ്ങളെ പരിചയപ്പെടുന്നതും ആ സമയത്താണ്. മിത്ര കുര്യന്‍, രാധിക, മൈഥലി, ആഷിഖ് അബു, അമല്‍ നീരദ് എന്നിവരെല്ലാം അവിടെ കസ്റ്റമേഴ്സ് ആയിരുന്നു. ആറു വര്‍ഷത്തോളം അവിടെ ജോലി ചെയ്തു. അതിനുശേഷം പനമ്ബിള്ളി നഗറിലുള്ള ഒരു സലൂണിലേക്ക് മാറി.

താരങ്ങള്‍ ഉള്‍പ്പടെയുള്ള പല കസ്റ്റമേഴ്സും ഞങ്ങളെ തേടി അവിടേക്ക് വന്നു. ഞങ്ങളുടെ ജോലിക്ക് വിലയുണ്ടെന്ന് മനസ്സിലാക്കിയ ഒരു സമയമായിരുന്നു അത്. ‘സജിത്ത് ആന്‍ഡ് സുജിത്ത്’ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങുന്നതും അവിടെവെച്ചാണ്.

എട്ടു വര്‍ഷം മുമ്ബ് രമ്യ നമ്ബീശന് നടത്തിയ ഒരു മേക്കോവറാണ് സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് എന്ന രീതിയിലുള്ള വളര്‍ച്ചയ്ക്ക് തുടക്കമിട്ടത്. പിന്നീട് ഭാവന, ശേത്വ മേനോന്‍, ഭാമ എന്നിങ്ങനെ ആ പട്ടിക നീണ്ടു. എല്ലാവരുമായും വലിയ സൗഹൃദം രൂപപ്പെട്ടു.

2014ല്‍ ആണ് സ്വന്തം സലൂണ്‍ തുടങ്ങുന്നത്. ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ സലൂണ്‍ തുടങ്ങുന്നതിനെക്കുറിച്ചൊന്നും ചിന്തിച്ചിട്ടേയില്ലായിരുന്നു. പക്ഷേ ജോലി ചെയ്യുന്ന സലൂണിന്റെ ഉടമസ്ഥര്‍ ലാഭം കൂട്ടാന്‍ വേണ്ടി സമ്മര്‍ദം ചെലുത്തുന്നതും ആവശ്യമായ പ്രൊഡക്‌ട്സ് ലഭ്യമാക്കാത്തതും പ്രശ്നങ്ങള്‍ സൃഷ്ടിച്ചു.

അനാവശ്യമായി അതൃപ്തി പ്രകടിപ്പിക്കുന്നതും കൂടുതല്‍ നേരം ജോലി ചെയ്യിക്കുന്നതുമൊക്കെ പരിധിവിട്ടതോടെ മാനസികവും ശീരീരികവുമായി ബുദ്ധിമുട്ട് തോന്നിത്തുടങ്ങി. അതോടെ ജോലി നിര്‍ത്തി വീട്ടിലിരിക്കാന്‍ അമ്മ ഞങ്ങളോട് പറഞ്ഞു.
അങ്ങനെ വീട്ടിലിരുന്നപ്പോഴാണ് സ്വന്തമായി സലൂണ്‍ തുടങ്ങാന്‍ തീരുമാനിച്ചത്. രമ്യാ നമ്ബീശന്റെ പ്രചോദനം കരുത്തായി. ഒരാഴ്ച കൊണ്ട് അതിനുവേണ്ട കാര്യങ്ങളെല്ലാം ചെയ്തു.

കലൂര്‍-കത്രിക്കടവ് റോഡില്‍ ചെറിയൊരു കെട്ടിടത്തില്‍ സലൂണ്‍ ആരംഭിച്ചു. തിരക്കുകളെല്ലാം മാറ്റിവെച്ചു വന്ന് രമ്യയാണ് ഉദ്ഘാടനം ചെയ്തത്. പതിയെ സലൂണ്‍ വളര്‍ന്നു. വലിയൊരു കെട്ടിടത്തിലേക്ക് മാറി. അതും ഉദ്ഘാടനം ചെയ്തത് രമ്യ ആയിരുന്നു. വിദേശ ഷോയ്ക്കുള്ള യാത്ര ഒരു ദിവസം വൈകിച്ചാണ് രമ്യ അന്നു വന്നത്. ഒരു സഹോദരിയെപ്പോലുള്ള കരുതലാണ് രമ്യയില്‍ നിന്നുണ്ടായത്. എന്തായാലും പിന്നീട് ഞങ്ങള്‍ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

മഞ്ജു ചേച്ചി വഴിയാണ് ഞങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ‘എന്നും എപ്പോഴും’ എന്ന സിനിമയുടെ സമയത്താണ് മഞ്ജു ചേച്ചിയെ പരിചയപ്പെടുന്നത്. ആ സിനിമയിലെ മേക്കപ് ആര്‍ടിസ്റ്റ് ജാന്‍മണി ദാസും ഞങ്ങളുടെ സുഹൃത്തും മേക്കപ് ആര്‍ടിസ്റ്റുമായ ഉണ്ണിയും വഴിയാണ് ചേച്ചിയുടെ മുടി ബ്ലോഡര്‍ ചെയ്യാന്‍ അവസരമൊരുങ്ങുന്നത്. അത് ചേച്ചിക്ക് ഇഷ്ടമായി.

ആ ഷൂട്ട് നടക്കുന്ന സമയത്ത് ഒരു ദിവസം ചേച്ചി ഞങ്ങളുടെ സലൂണില്‍ വന്നു. പിന്നെ ഓരോ സിനിമയ്ക്കും ഫോട്ടോഷൂട്ടിനും മുമ്ബ് ചേച്ചി വരും. ഹെയര്‍സ്റ്റൈല്‍ മാറ്റും. ഇപ്പോള്‍ ആറു വര്‍ഷമായി മഞ്ജു ചേച്ചിയുടെ മുടി സ്റ്റൈല്‍ ചെയ്യുന്നത് ഞങ്ങളാണ്.

സിനിമ മേഖലയിലുള്ളവരില്‍ ഏറ്റവും അടുത്ത സുഹൃത്ത് അനുശ്രീയാണ്. അനുവിനെ കുടുംബാംഗം എന്നു വിശേഷിപ്പിക്കാനാണ് ഞങ്ങള്‍ക്ക് ഇഷ്ടം. ലോക്ഡൗണ്‍ സമയത്ത് അനു വീട്ടില്‍ വന്നിരുന്നു. സന്തോഷകരമായ ദിവസങ്ങളായിരുന്നു അത്. ഞങ്ങള്‍ ഫോട്ടോഷൂട്ട് ഒക്കെ നടത്തി ആഘോഷമാക്കി.

അതുപോലെ മീര നന്ദനും വളരെ അടുത്ത സുഹൃത്താണ്. പുതിയ മേക്കപ് പ്രൊഡക്‌ട്സ് പരിചയപ്പെടാനും ‌വിദേശത്തുനിന്ന് എത്തിക്കാനുമൊക്കെ മീര സഹായിക്കാറുണ്ട്. ദുബായില്‍ പോകുമ്ബോള്‍ ഞങ്ങള്‍ക്ക് താമസ സൗകര്യം ഒരുക്കാനും ഒപ്പം സമയം ചെലവിടാനുമൊക്കെ മീര ഉണ്ടാകും. നിഖില വിമലും അപര്‍ണ നായരുമൊക്കെ വളരെയധികം പിന്തുണയും സ്നേഹവും നല്‍കുന്നവരാണ്. സുഹൃത്തുക്കളുടെ നിര വളരെ നീണ്ടതാണ്. പേര് പറയുകയാണെങ്കില്‍ തീരില്ല.

Related posts

Leave a Comment