കോട്ടയം: കെ.എം. മാണി മടങ്ങിയതോടെ കേരളാ കോണ്‍ഗ്രസ്(എം) മെലിഞ്ഞുതുടങ്ങി. എല്‍ഡിഎഫില്‍ ചേക്കേറിയ പാര്‍ട്ടിക്ക് ഇക്കുറി ഒരു മന്ത്രിയേ ഉള്ളു എന്നു മാത്രമല്ല ലഭിച്ചതാകട്ടെ പ്രാധാന്യം കുറഞ്ഞ വകുപ്പും, ജലവിഭവ വകുപ്പ്.
ധനകാര്യം, റവന്യൂ, നിയമം, വിദ്യാഭ്യാസം, പൊതുമരാമത്ത് എന്നിവയടക്കം കാലങ്ങളായി കൈാര്യം ചെയ്ത പാര്‍ട്ടിക്ക് ഒരിക്കല്‍ ആഭ്യന്തരവും ലഭിച്ചിരുന്നു. അങ്ങനെ മുന്‍പ് സര്‍ക്കാരില്‍ ‘വിരാജിച്ച’ പാര്‍ട്ടിക്ക് അപ്രധാനമായ വകുപ്പ് ലഭിക്കാന്‍ പോലും സിപിഎമ്മുമായി പോരടിക്കേണ്ടിവന്നു. കേരളാ കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ക്കും സ്വപ്നങ്ങള്‍ക്കും മങ്ങലേറ്റുവെന്നാണ് പാര്‍ട്ടിയിലെ സംസാരവും.
തെരഞ്ഞെടുപ്പിന് മുമ്ബ് സീറ്റുകള്‍ നല്‍കുന്നതിലും മറ്റും സിപിഎം നേതൃത്വം ഉദാരനിലപാട് കൈക്കൊണ്ടിരുന്നു. രണ്ടാം പിണറായി മന്ത്രിസഭയില്‍ മെച്ചപ്പെട്ട പങ്കാളിത്തമാണ് കേരളാ കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നത്. പ്രത്യേകിച്ച് യുഡിഎഫിന്റെ കുത്തക കേന്ദ്രങ്ങളില്‍ ഇടത് വിജയത്തിന് അവസരമൊരുക്കിയ കക്ഷിയെന്ന നിലയില്‍. പക്ഷെ സിപിഎം നിശ്ചയിച്ചു, ഓച്ഛാനിച്ചു നിന്ന കേരളാ കോണ്‍ഗ്രസ്(എം) കിട്ടിയത് വാങ്ങി പോക്കറ്റിലിട്ടു.രണ്ട് മന്ത്രിമാര്‍ക്കു വേണ്ടി കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി മുട്ടാത്ത വാതിലുകളില്ല. ഒരു മന്ത്രി മാത്രമെന്ന നിലപാടില്‍ സിപിഎം ഉറച്ചു നിന്നു. അവസാനം അതിന് വഴങ്ങി. വലിയ കാര്യമൊന്നുമല്ലെങ്കിലും മുന്‍പ് കാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് സ്ഥാനവും ലഭിച്ചിരുന്നു.
ഒരു മന്ത്രിയേയുള്ളുവെങ്കിലും മെച്ചപ്പെട്ട വകുപ്പ് കിട്ടുമെന്ന പ്രതീക്ഷയായിരുന്നു പിന്നെ. ജനതാദള്‍ വെച്ചൊഴിഞ്ഞ ജലവിഭവ വകുപ്പാണ് കേരളാ കോണ്‍ഗ്രസിലെ രണ്ടാമനായ റോഷി അഗസ്റ്റിന് കിട്ടിയത്. ഇത്തവണ ഇടതുമുന്നണിയുടെ ഉജ്ജ്വല വിജയത്തിന് പിന്നില്‍ കേരളാ കോണ്‍ഗ്രസിന് സുപ്രധാന പങ്കുണ്ടായിരുന്നുവെന്നാണ് ജോസ് കെ. മാണി അവകാശപ്പെട്ടിരുന്നത്. എന്നാല്‍, ഈ വാദങ്ങളെ സിപിഎം മുഖവിലയ്ക്ക് എടുത്തില്ലെന്നതിന്റെ തെളിവായി മാറി മന്ത്രിമാരുടെ എണ്ണവും, വകുപ്പും.
ഇടതു മുന്നണിക്ക് അഞ്ച് എംഎല്‍എമാരെ സംഭാവന ചെയ്തിട്ടും ജനതാദളിനും എന്‍സിപിക്കും നല്‍കിയ പരിഗണന പോലും വകുപ്പ് വിഭജനത്തില്‍ കേരളാ കോണ്‍ഗ്രസിന് കിട്ടിയില്ലെന്ന പരിഭവം നേതൃത്വത്തിനുണ്ട്. പാലായില്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണിക്ക് സംഭവിച്ച തോല്‍വിയാണ് കാരണമായി ചില നേതാക്കള്‍ പറയുന്നത്. ചെയര്‍മാന്റെ തന്നെ അടിതെറ്റിയ സ്ഥിതിക്ക് ഒരു മന്ത്രി പദവിയെങ്കിലും ലഭിച്ചത് സിപിഎമ്മിന്റെ സൗമനസ്യമായി കണ്ടാല്‍ മതിയെന്ന അഭിപ്രായമുള്ളവരും പാര്‍ട്ടിയിലുണ്ട്.