കോട്ടയം: യു.എസില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് മെറിന് ജോയിക്ക് യാത്രാമൊഴി നല്കി സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും. ഫ്ലോറിഡ ഡേവിയിലെ ജോസഫ് എ. സ്കെറാനോ ഫ്യൂണറല്‍ ഹോമിലാണ് സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സൗകര്യം ഒരുക്കിയത്.
അമേരിക്കന്‍ സമയം ഉച്ചക്ക് രണ്ടുമുതല്‍ ആറുവരെയാണ് (ഇന്ത്യന്‍ സമയം തിങ്കളാഴ്ച രാത്രി 11.30 മുതല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 3.30) മെറിെന്റ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും യാത്രാമൊഴി നല്‍കിയത്. ഫാ. ബിന്‍സ് ചേര്‍ത്തലില്‍, ഫാ.ജോണ്‍സ് ടി. തച്ചാറ എന്നിവര്‍ പ്രാര്‍ഥന ചടങ്ങിന് നേതൃത്വം നല്കി. ബ്രോവാഡ് കൗണ്ടി ക്ലാര്‍ക്ക് ഓഫ് ദ കോര്‍ട്ട് ബ്രെണ്ട ഫോര്മാന്, കൗണ്ടി ജഡ്ജ് ഇയാന്‍ റിച്ചാര്‍ഡ്സ് തുടങ്ങിയവര്‍ അന്ത്യാഞ്ജലിയില്‍ പങ്കെടുത്തു. ക്നാനായ വോയ്സ് ടി.വി വഴി ലൈവായി ചടങ്ങുകള്‍ സംപ്രേഷണം ചെയ്തു.
ബുധനാഴ്ച മൃതദേഹം യു.എസിലുള്ള ടാംബയിലെ സേക്രഡ് ഹാര്‍ട്ട് ക്നാനായ കാത്തലിക് പള്ളിയില്‍ സംസ്കാര ശുശ്രൂഷകള്‍ക്കുവേണ്ടി എത്തിക്കും. അമേരിക്കന്‍ സമയം രാവിലെ 10 മുതല്‍ 11 വരെ പൊതുദര്‍ശനത്തിന് വെക്കും. 11 മുതല്‍ സംസ്കാര ശുശ്രൂഷ ആരംഭിക്കും. സംസ്കാരം ഉച്ചക്ക് രേണ്ടാടെ ഹില്‍സ്ബൊറൊ മെമ്മോറിയല്‍ സെമിത്തേരിയില്‍. ഈ ചടങ്ങുകളും ലൈവായി സംപ്രേഷണം ചെയ്യും.
വൈകീട്ട് അഞ്ചിന് മോനിപ്പള്ളി തിരുഹൃദയ പള്ളിയില്‍ കുടുംബാംഗങ്ങള്‍ പങ്കെടുക്കുന്ന പ്രത്യേക കുര്‍ബാനയും പ്രാര്‍ഥനയും നടക്കും. യു.എസിലെ ചടങ്ങുകള്‍ മെറിെന്റ മാതാപിതാക്കളായ ജോയിക്കും മേഴ്സിക്കും മകള്‍ രണ്ടുവയസ്സുകാരി നോറക്കും സഹോദരി മീരക്കും മെറിെന്റ സംസ്കാരച്ചടങ്ങുകള്‍ ഓണ്‍ലൈന്‍ വഴി മാത്രമാണ് കാണാന്‍ സാധിക്കുക.
ജൂലൈ 28നാണ് മെറിന് ജോയ് (27) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് ഫിലിപ് മാത്യു (നെവിന്-34) അറസ്റ്റിലായി.