പോലിസില്‍ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. മൂവായിരത്തില്‍ അധികം ഉദ്യോഗസ്ഥരാണ് നിലനില്‍ കോവിഡ് ബാധിതരായിരിക്കുന്നത്.
റിപ്പബ്ലിക്ക് ദിന പരേഡില്‍ പങ്കെടുക്കാന്‍ പരിശോധന നടത്തിയവരിലും രോഗം സ്ഥിരീകരിച്ചു. രോഗബാധിതര്‍ ഉയരുമ്ബോഴും ബദല്‍ ക്രമീകരണം ഒരുക്കാത്തതിലും പരിശീലനം മാറ്റാത്തതിലും പ്രതിഷേധം ഉയരുന്നുണ്ട്.
തിങ്കളാഴ്ച മാത്രം 494 പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെയും നാനൂറോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ നാല് ദിവസമായി ശരാശരി മുന്നൂറില്‍ അധികം വീതം രോഗികളായതോടെയാണ് സേനയിലെ കോവിഡ് ബാധിതരുടെ എണ്ണം മൂവായിരത്തിന് മുകളിലേക്ക് ഉയര്‍ന്നത്. ഇതാദ്യമായിട്ടാണ് ഇത്രയുമധികം പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. സ്റ്റേഷന്‍ ഡ്യൂട്ടിയിലുള്ളവരാണ് കോവിഡ് ബാധിച്ചിരിക്കുന്നവരില്‍ ഏറെയും. ചില സ്റ്റേഷനുകളില്‍ സിഐയും എസ് ഐയും രോഗികളായതോടെ പ്രവര്‍ത്തനം തന്നെ താളം തെറ്റിയിരിക്കുകയാണ്.
എറണാകുളത്തും തിരുവനന്തപുരത്തും റിപ്പബ്‌ളിക് ദിന പരേഡിന് തയാറെടുത്തവര്‍ പോലും രോഗികളായതോടെ അവസാനനിമിഷം പകരം ആളെ കണ്ടെത്തേണ്ടിവന്നു. അതേസമയം രോഗവ്യാപനം തടയാന്‍ പരാതികള്‍ സ്വീകരിക്കുന്നത് ഓണ്‍ലൈനാക്കുക, കുട്ടികളുള്ള വനിത പൊലീസുകാര്‍ക്കും മറ്റ് രോഗങ്ങളുള്ളവര്‍ക്കും ഡ്യൂട്ടി ഒഴിവാക്കുക, വാഹനപരിശോധന നിര്‍ത്തിവയ്ക്കുക തുടങ്ങിയ ക്രമീകരണങ്ങളേര്‍പ്പെടുത്തണമെന്ന് പൊലീസ് സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപ്പായിട്ടില്ല.