കൊച്ചി: ബെംഗളൂരു ലഹരിമരുന്നു കേസിലെ പ്രതി അനൂപ് മുഹമ്മദ് മൂന്നാറില്‍ 200 ഏക്കര്‍ വസ്തുക്കച്ചവടത്തിലും ഇടനിലക്കാരനായതായി മൊഴി. നോട്ട് നിരോധനത്തിനു ശേഷം നടന്ന കച്ചവടത്തില്‍ പല ഘട്ടത്തിലായി പണം മുടക്കിയതു കേരളത്തിലെ സിനിമ പ്രവര്‍ത്തകരാണെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. കേന്ദ്ര നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍സിബി) പിടിയിലായ അനൂപ് മുഹമ്മദ് കൊച്ചി വെണ്ണല സ്വദേശിയാണ്.
സമീര്‍ എന്നയാളുടെ പേരിലാണു പലര്‍ ചേര്‍ന്നു സ്ഥലം വാങ്ങിയത്. സ്വര്‍ണക്കടത്തു കേസ് പ്രതി കെ.ടി. റമീസിന്റെ അടുത്ത സുഹൃത്തും പണം മുടക്കിയിട്ടുണ്ട്. മറിച്ചുവില്‍ക്കുന്നതിനെച്ചൊല്ലി പണം മുടക്കിയവര്‍ തമ്മില്‍ ഭിന്നിപ്പുണ്ടായതിനാല്‍ കമ്മിഷന്‍ തുക മുഴുവന്‍ ലഭിച്ചില്ല. ആദ്യം കിട്ടിയ തുക കൊണ്ടാണു ബെംഗളൂരുവില്‍ പുതിയ ബിസിനസ് ആരംഭിച്ചതെന്നും അനൂപിന്റെ മൊഴിയില്‍ പറയുന്നു.
ബെംഗളൂരുവിലും കൊച്ചിയിലുമുള്ള കോടികളുടെ ലഹരി ഇടപാടുകളില്‍ അനൂപിനു വേണ്ടി പണം മുടക്കുന്നവരെ കണ്ടെത്താന്‍ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണു മൂന്നാറിലെ ഭൂമി ഇടപാട് പുറത്തുവന്നത്. മൊഴികളുടെ നിജസ്ഥിതി പരിശോധിക്കാന്‍ എന്‍സിബി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ സഹായം തേടി. എന്‍സിബിയുടെ കൊച്ചി യൂണിറ്റും അന്വേഷണം ആരംഭിച്ചു. കൊച്ചിയില്‍ അനൂപിനു ലഹരിമരുന്ന് ഇടപാടുണ്ടായിരുന്ന ചലച്ചിത്ര പ്രവര്‍ത്തകരുടെ വിശദാംശങ്ങള്‍ എന്‍സിബി ബെംഗളൂരു യൂണിറ്റ് ശേഖരിച്ചിട്ടുണ്ട്. കൊച്ചി യൂണിറ്റിലെ മലയാളി ഉദ്യോഗസ്ഥരുടെ സഹായത്തോടെ അനൂപിനെയും ഒപ്പം അറസ്റ്റിലായ റിജേഷ് രവീന്ദ്രനെയും കൂടുതല്‍ ചോദ്യം ചെയ്യുന്നതോടെ കേസില്‍ വ്യക്തത വരുമെന്നാണു നിഗമനം.